ഹൊസ്‍ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ എ ആർ ശാരങ്ധരൻ മൂന്ന് പതിറ്റാണ്ടിലേറെയായി ശേഖരിച്ച ഫുട്ബോൾ വാർത്തകളുടെയും ചിത്രങ്ങളുടെയും ഒരു അപൂർവ ശേഖരം ഒരുക്കിയിരിക്കുന്നു. 1986-ലെ ലോകകപ്പ് മുതൽ വിവിധ ദേശീയ-അന്തർദേശീയ ടൂർണമെന്റുകളുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ഈ ശേഖരം ഇന്ന് കായികപ്രേമികൾക്ക് ഒരു ഫുട്ബോൾ ലൈബ്രറിയായി മാറിയിരിക്കുകയാണ്.
1986ൽ ഡീഗോ മറഡോണ മെക്സിക്കോയിൽ കപ്പുയർത്തിയത് മുതലുള്ള അപൂർവ്വ വാർത്താചിത്രങ്ങളും പത്ര റിപ്പോർട്ടുകളും നിറഞ്ഞ ഒരു വമ്പൻ ശേഖരം. കാൽപ്പന്തുകളി വെറുമൊരു കളി മാത്രമല്ല, ജീവിതം തന്നെ ആണെന്ന് പറയുകയാണ് ഹൊസ്‍ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‍പെക്ടർ എ ആർ ശാങ്ഗധരൻ. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ഫുട്ബോളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അപൂർവ രേഖകളും സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരം ഇന്ന് കായികപ്രേമികൾക്ക് കൗതുകമുണർത്തുന്ന ഒരു ഫുട്ബോൾ ലൈബ്രറിയായി മാറിയിരിക്കുകയാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് ശാർങ്ഗധരൻ ഈ ഹോബി തുടങ്ങുന്നത്. 1986 മുതൽ 2026 വരെയുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വാർത്തകൾ, ചിത്രങ്ങൾ, പ്രത്യേക പതിപ്പുകൾ, വിശകലനങ്ങൾ തുടങ്ങിയവ ഉൾപ്പെടയുന്ന പത്ര കട്ടിംഗുകൾ ക്രമമായി ശേഖരിച്ചാണ് അദ്ദേഹം ഈ അപൂർവ സമാഹാരം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിന് പുറമെ കോപ്പ അമേരിക്ക, യൂറോ കപ്പ്, സന്തോഷ് ട്രോഫി, ഐഎസ്എൽ, ഐ-ലീഗ് തുടങ്ങി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളുമായി ബന്ധപ്പെട്ട നിരവധി പത്രക്കട്ടിങ്ങുകളും ചിത്രങ്ങളും ശേഖരത്തിലുണ്ട്.
പത്രങ്ങളിൽ പ്രസിദ്ധീകരിച്ച അപൂർവ ഫോട്ടോകൾ, താരങ്ങളുടെ പ്രകടനങ്ങൾ, ഫൈനൽ മത്സരങ്ങളുടെ റിപ്പോർട്ടുകൾ, ചരിത്രനിമിഷങ്ങൾ എന്നിവ വർഷവും ടൂർണമെന്റും അടിസ്ഥാനമാക്കി ക്രമീകരിച്ച് സൂക്ഷിച്ചിരിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ഒരു സ്വകാര്യ ആർക്കൈവിനെ അനുസ്‍മരിപ്പിക്കുന്ന രീതിയിലാണ് ഓരോ കട്ടിങ്ങും സംരക്ഷിച്ചിരിക്കുന്നത്.
ഫുട്ബോൾ ചരിത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും കായിക ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും ഈ ശേഖരം ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് വിവരങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ശാർങ്ഗധരന്‍റെ സഹപ്രവർത്തകർ പറയുന്നു. കാലത്തിനൊപ്പം മാഞ്ഞുപോകുമായിരുന്ന നിരവധി പത്രവാർത്തകളും ചിത്രങ്ങളും സൂക്ഷിച്ചുവച്ചതിലൂടെ ഫുട്ബോളിന്റെ ഓർമകൾ സംരക്ഷിക്കുന്ന ശ്രദ്ധേയമായ ദൗത്യമാണ് ശാർങ്ഗധരൻ നിർവഹിച്ചിരിക്കുന്നത്.
അടുത്തിടെ ഈ ഫോട്ടോശേഖരം പൊതുജനങ്ങൾക്കായും പ്രദർശിപ്പിച്ചിരുന്നു. വിവിധ കാലഘട്ടങ്ങളിലെ ലോകകപ്പ് മത്സരങ്ങളുടെയും ഇതിഹാസ താരങ്ങളുടെയും അപൂർവ ചിത്രങ്ങൾ ഒരുമിച്ച് കാണാൻ അവസരം ലഭിച്ചതോടെ ഫുട്ബോൾ ആരാധകരും കായികപ്രേമികളും പ്രദർശനം ആവേശത്തോടെ ഏറ്റെടുത്തു.
വർഷങ്ങളായുള്ള ശേഖരണത്തിന്റെ ഫലമായി രൂപംകൊണ്ട ഈ 'ഫുട്ബോൾ ലൈബ്രറി' ഒരു വ്യക്തിയുടെ ഹോബി മാത്രമല്ല, ഫുട്ബോൾ ചരിത്രത്തിന്റെ അപൂർവ രേഖാശേഖരമായി മാറുകയാണ്. ഒരിക്കൽ മൈതാനങ്ങളിൽ നിറഞ്ഞാടി ഓർമ്മകളിലേക്ക് പന്തുംതട്ടി മടങ്ങിപ്പോയ കളിക്കാരുടെ അപൂർവ്വ കഥകൾ ശാർങ്ഗധരന്‍റെ ഈ ഫുട്ബോൾ ലൈബ്രറിയെ വേറിട്ടതാക്കുന്നു.


