പാലക്കാട്: നാടിന്‍റെ അഭിമാനമായിരുന്ന ഫുട്ബോൾ താരം ധനരാജിന്‍റെ വിയോഗം ഉൾകൊള്ളാനാവാതെ നാട്ടുകാരും ഫുട്ബോൾ പ്രേമികളും. ഇന്നലെ സെവൻസ് ഫുട്ബോൾ ടൂര്‍ണ്ണമെന്‍റിനിടെയാണ് മുൻ കേരള സന്തോഷ് ട്രോഫി താരം ആർ ധനരാജ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ഫുട്ബോൾ മൈതാനങ്ങളിൽ കാണികളുടെ ആവേശമായിരുന്നു ഈ പാലക്കാട്ടുകാരൻ.

സ്വന്തം ടീമിനെ ടൂര്‍ണ്ണമെന്‍റിൽ വിജയത്തിന്‍റെ പടിവാതിൽക്കലെത്തിച്ചാണ് ധനരാജ് ഫുട്ബോളിനോടും ജീവിതത്തോടും യാത്ര പറഞ്ഞത്. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസിൽ എഫ്സി പെരിന്തൽമണ്ണയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞപ്പോൾ ആരും കരുതി കാണില്ല ഇത് ധനരാജിന്‍റെ അവസാന മത്സരമായിരുക്കുമെന്ന്. പ്രിയ താരത്തിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് പാലക്കാട് കൊട്ടേക്കാടിലെ വീട്ടിലേയ്ക്കെത്തിയത്.

ഒരു കാലത്ത് പാലക്കാട് സജ്ജീവമായിരുന്ന മുകുന്ദൻ മെമ്മോറിയൽ ഫുട്ബോൾ ക്ലബിലെ അണ്ടര്‍ 14 താരമായാണ് ധനരാജിന്‍റെ പ്രൊഫഷണൽ ഫുട്ബോളിലെ അരങ്ങേറ്റം. രണ്ട് വ‍ര്‍ഷം മോഹൻ ബഗാനുവേണ്ടിയും 2014 മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും പ്രതിരോധ താരമായി കളത്തിലിറങ്ങി. സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടിയും പശ്ചിമ ബംഗാളിന് വേണ്ടിയും ബൂട്ടണിയാൻ അവസരം കിട്ടി. ഏഷ്യയിലെ പ്രസിദ്ധമായ ഡ്യൂറൻസ് കപ്പ് കൊൽക്കത്തയിലെ മുഹമ്മദൻസ് സ്പോര്‍ട്ടിങ്ങ് ക്ലബ് ഉയര്‍ത്തിയപ്പോൾ അതിന്‍റെ നായകത്വം വഹിച്ചതും ധനരാജായിരുന്നു.

സെവൻസ് ഫുട്ബോൾ ടൂ‍ര്‍ണ്ണമെന്‍റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ധനരാജ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്‍റ് ഫുട്ബോൾ ടീമിന്‍റെ പരിശീലകനായിരിക്കെയാണ് മരണം. മികച്ച കളിക്കിടയിലും ജോലി അന്യമായിരുന്ന ധൻരാജിന് അടുത്തിടെ നിയമനം നൽകാൻ സ‍ര്‍ക്കാ‍ർ തീരുമാനം എടുത്തിരുന്നു