കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ലാല്‍സലാം വിളികളോടെ ജന്‍മദിനാശംസ നേര്‍ന്നതിനെ ചോദ്യം ചെയ്ത ആരാധകന് മറുപടിയുമായി ഫുട്ബോള്‍ താരം സി കെ വിനീത്. 'ട്വിറ്ററിലല്ല, മൈതാനത്താണ് ഫുട്ബോള്‍ കളിക്കാറ്. ഇവിടെ എന്‍റെ അഭിപ്രായങ്ങളാണ് പറയുന്നത്. അതിന് ആരുടെയെങ്കിലും അനുമതി വേണമെന്ന് തോന്നുന്നില്ല'. ലാല്‍സലാം എന്ന ഹാഷ്‌ടാഗ് ചേര്‍ത്തായിരുന്നു വിനീതിന്‍റെ മറുപടി.  

രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ സി കെ വിനീത് ട്വീറ്റ് ചെയ്തത്. 'സഖാവ് പിണറായി വിജയന് ജന്‍മദിനാശംസകള്‍' എന്നായിരുന്നു ലാല്‍സലാം ഹാഷ്‌ടാഗോടെ സി കെ വിനീതിന്‍റെ കുറിപ്പ്. ഈ ട്വീറ്റിനുള്ള മറുപടിയില്‍ ആരാധകന്‍ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. 'നിങ്ങള്‍ ഇന്ത്യക്കായാണോ അതോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായാണോ ഫുട്ബോള്‍ കളിക്കുന്നത്. നിങ്ങളുടെ മുഖ്യമന്ത്രിയുടെ ജന്‍മദിനത്തിലുള്ള ആശംസ മനോഹരമായി. എന്നാല്‍, ലാല്‍സലാം പറഞ്ഞതിന് മാപ്പ് പറയണം' എന്നായിരുന്നു ആരാധകന്‍റെ ആവശ്യം. 

 

പിണറായി @ 75

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 വയസ് തികഞ്ഞു. കൊവിഡ് 19 പ്രതിരോധത്തിന്റെ കേരളമാതൃക ലോകമാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ എത്തുന്നത്. എന്നാല്‍, ആഘോഷങ്ങളൊന്നുമില്ലാതെ മാറി നില്‍ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണ് എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​