യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്

മാഞ്ചസ്റ്റർ: വിവാദക്കൊടുങ്കാറ്റ് വീശിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‍സിന് നാടകീയാന്ത്യം. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. 

ഫിഫ ലോകകപ്പ് ആരവങ്ങൾക്കിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ഫുട്ബോള്‍ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പടവുകളിറങ്ങുന്നത്. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ലബ് വിടാന്‍ സിആർ7 നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല. 

എന്നാല്‍ സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചത്. എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ റോണോ വ്യക്തമാക്കിയത്.

റൊണാള്‍ഡോ പറഞ്ഞത്...

'എനിക്ക് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. ക്ലബിന്‍റെ നല്ലതിനാണ് ഞാന്‍ മാഞ്ചസ്റ്ററില്‍ തുടരുന്നത്. എന്നെ ക്ലബില്‍ നിന്ന് പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ പരിശീലകന്‍ മാത്രമല്ല, വേറെയും കുറെ പേരുണ്ട്. എന്താണ് നടക്കുന്നതെന്നറിയില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല'- ഇതായിരുന്നു അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

റൊണാള്‍ഡോയുടെ പ്രതികരണം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അഭിമുഖത്തിലെ പരാമർശങ്ങളുടെ പേരില്‍ താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏത് നിമിഷവും യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെടാം എന്ന അഭ്യൂഹങ്ങള്‍ ഉയർന്നു. ഈ നാടകീയ ദിനങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോയും ക്ലബും വഴിപിരിയാന്‍ ധാരണയിലെത്തിയത്. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. 

Scroll to load tweet…