മിന്‍സ്‌ക്: കൊവിഡ് ബാധയെ തുടര്‍ന്ന് യൂറോപ്പിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലെ ഫുട്‌ബോള്‍ ലീഗുകളെല്ലാം. ടര്‍ക്കിഷ് സൂപ്പര്‍ ലീഗാണ് അവസാനം നിര്‍ത്തിവച്ചത്. യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയെല്ലാം മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബാഴ്‌സലോണയുടെയും ആഴ്‌സനലിന്റെയും മുന്‍താരമായ അലക്‌സാണ്ടര്‍ ഹ്ലെബ് പറയുന്നത് എന്റെ രാജ്യക്കാര്‍ കൊറോണ വൈറസിനെ കുറിച്ച് ബോധവാന്മാല്ലെന്നാണ്. ബലാറസിലെ കാര്യമാണ് ഹ്ലെബ് പറയുന്നത്. ഈ ഞായറാഴ്ചയാണ് ബലാറസിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചത്.

ചാംപ്യന്‍സ് ലീഗ് കളിച്ചിട്ടുള്ള ബെയ്റ്റിന്റെ അട്ടിമറിയോടെയാണ് ലീഗ് ആരംഭിച്ചത്. ചെറുടീമായ എനര്‍ജറ്റിക് ബിജിയു ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെയ്റ്റിനെ തോല്‍പ്പിച്ചു. എനര്‍ജറ്റിക് ബിജിയുവിന്റെ ഹോംഗ്രൗണ്ടില്‍ 730 ആരാധകരാണ് മത്സരം കാണാന്‍ ഉണ്ടായിരുന്നത്. സ്‌റ്റേഡിയത്തിന്റെ പകുതിയും നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന് തന്നെ ഭീഷണിയാവുന്ന കൊവിഡ് വൈറസിനെ കുറിച്ച് ആരും ചിന്തിക്കുന്നത് പോലുമില്ലെന്നാണ് ഹ്ലെബ് പറയുന്നത്. 

അദ്ദേഹം തുടര്‍ന്നു... ''രാജ്യത്ത് ഐസ് ഹോക്കി ലീഗ് അവസാനിച്ചപ്പോള്‍ ഒരുപാട് താരങ്ങള്‍ റഷ്യയിലേക്ക് പോയിരുന്നു. അതുപോലെ ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡൊ എന്നിവര്‍ക്കെല്ലാം ബലാറസ് ലീഗിലേക്ക് വരാം. നിലവില്‍ യൂറോപ്പില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പറ്റുന്ന ഒരേയൊരു ഇടം ബലാറസാണ്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. രണ്ട് ദിവസം മുമ്പുള്ള കണക്കുപ്രകാരം 76 പേര്‍ക്കാണ് രോഗം ബാധിച്ചത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ബലാറസില്‍ അത്ര പ്രശ്‌നമില്ലെന്നാണ് ഹ്ലെബ് പറയുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് ലീഗ് നിര്‍ത്തിവെക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.