2016ല്‍ പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പ് നേടിയ റിക്കാര്‍ഡോ ക്വറേസ്മ ക്ലബിനൊപ്പം ചേരുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഹൈദരാബാദ്: ഗോവയിലെ മൂന്ന് വേദികളിലയിട്ടാണ് ഇത്തവണ ഐഎസ്എല്‍ നടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ ഇത്തരത്തില്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചത്. ടീമുകളെല്ലാം പുത്തന്‍ താരങ്ങളെ അന്വേഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ വര്‍ഷം ഐഎസ്എല്ലില്‍ അരങ്ങേറിയ ഹൈദരാബാദ് എഫ്‌സിയും ടീം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ക്ലബുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തയ്യാറായിരുന്നു. ഇപ്പോഴിതാ ഒരു യൂറോപ്പിലെ വമ്പന്‍താരം ഹൈദരാബാദ് എഫ്‌സിക്കൊപ്പം കളിക്കാമെന്ന് ഉറപ്പുതന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2016ല്‍ പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പ് നേടിയ റിക്കാര്‍ഡോ ക്വറേസ്മ ക്ലബിനൊപ്പം ചേരുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗല്ലോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് വേണ്ടിയും ക്വറേസ്മ കളിച്ചിട്ടുണ്ട്. 2018 ലോകകപ്പില്‍ പോര്‍ച്ചുഗീസ് ടീമില്‍ അംഗമായിരുന്നു ക്വറേസ്മ. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെതിരെ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം ഇന്നും മറക്കാനിടയില്ല. ലോകകപ്പിലെ ഗോള്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനുള്ള പട്ടികയിലുണ്ടായിരുന്ന ഗോളായിരുന്നത്.
വിംഗറായി കളിക്കുന്ന ക്വറേസ്മ എഫ്‌സി പോര്‍ട്ടോ, ചെല്‍സി, ഇന്റര്‍ മിലാന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 36കാരനായി ക്വറേസ്മ ഇപ്പോള്‍ ഫ്രീ ഏജന്റാണ്. 1999ല്‍ പോര്‍ച്ചുഗീസ് അണ്ടര്‍ 15 ടീമിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നാലെ അണ്ടര്‍ 16, 19, 21 ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 2003ലായിരുന്നു സീനിയര്‍ ടീമില്‍ അരങ്ങേറ്റം. 80 മത്സരങ്ങള്‍ പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ സ്വന്തമാക്കിയതാരം 10 ഗോളും നേടി. നേരത്തെ മുന്‍ ബാഴ്‌സലോണ- മാഞ്ചസ്റ്റര്‍ സിറ്റി താരം യായ ടൂറെയും ഐഎസ്എല്ലില്‍ വരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
