നെലോ വിന്‍ഗാഡയ്ക്ക് പകരം ഹള്‍ സിറ്റി മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണിനെ പാളയത്തിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് ചര്‍ച്ചകള്‍ നടത്തുന്നതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട്. 

കൊച്ചി: പൂര്‍ണ നിരാശയായ സീസണിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ട്. ഹള്‍ സിറ്റി മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് ചര്‍ച്ചകള്‍ നടത്തുന്നതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ്എല്ലില്‍ ഈ സീസണില്‍ അവസാന ആറ് മത്സരങ്ങളില്‍ പുനെ എഫ്‌സിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍. നിലവിലെ പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ സ്ഥാനം തെറിക്കുമെന്നാണ് സൂചന. 

മുന്‍ താരം ഇഷ്‌ഫാഖ് അഹമ്മദിനെ സഹ പരിശീലകനായി തിരികെയെത്തിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ട്. 2014-16 സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ താരവും സഹ പരിശീലകനായിരുന്നു ഇഷ്‌ഫാഖ്. 2017-18 സീസണില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലക സംഘത്തിലുണ്ടായിരുന്നു. വരുണ്‍ ത്രിപുരനേനിക്ക് പകരമെത്തിയ പുതിയ സിഇഒ വിരേന്‍ ഡി സില്‍വയുടെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പുതിയ നീക്കങ്ങളെന്നാണ് സൂചന. 

ഐഎസ്എല്ലില്‍ ഇക്കുറി പ്ലേ ഓഫ് കാണാതെ പുറത്തായ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പും നിരാശയായി. യുവ താരങ്ങളണിനിരന്ന ഇന്ത്യന്‍ ആരോസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ് യോഗ്യതാ റൗണ്ടില്‍ പുറത്തായി. സീസണില്‍ മോശം പ്രകടനം കാഴ്‌ചവെച്ച ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക പിന്തുണയിലും ഇടിവുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ 60,000 കാണികള്‍ വന്നിരുന്ന സ്ഥാനത്ത് 4000 പേര്‍ മാത്രമായി ചുരുങ്ങിയിരുന്നു.