കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായിരുന്ന മെഹ്താബ് ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. 2005 മുതല്‍ 2014വരെ ഇന്ത്യക്കായി 31 മത്സരങ്ങളില്‍ കളിച്ച മെഹ്താബ് ഈസ്റ്റ് ബംഗാളിനായി പത്ത് സീസണില്‍ ബൂട്ടണിഞ്ഞു. മൂന്ന് ഫെഡറേഷന്‍ കപ്പ് വിജയങ്ങളില്‍ പങ്കാളിയായി. മോഹന്‍ ബഗാനായും ബൂട്ടണിഞ്ഞ മെഹ്താബ് 2014 മുതല്‍ 2016വരെ വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.


ബംഗാളില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മെഹ്താബ് ബിജെപിയില്‍ അംഗത്വമെടുത്തത്. പ്രതിസന്ധിഘട്ടത്തില്‍ സാധരണക്കാരെ സഹായിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ഗുണകരമാകുമെന്ന തിരിച്ചറിവിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മെഹ്താബ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഒരാഴ്ച മുമ്പാണ് താന്‍ ബിജെപിയില്‍ അംഗത്വമെടുത്തതെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ചിരുന്നുവെന്നും അങ്ങനെയാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിലെത്തിയതെന്നും മെഹ്താബ് പറഞ്ഞു.

അധികാരം ലഭിച്ചാല്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി പലകും ചെയ്യാനാകുമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും മെഹ്താബ് പറഞ്ഞു.കൊവിഡ് കാലത്ത് സഹതാരങ്ങളെ സഹകരിപ്പിച്ച് ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാന്‍ മെഹ്താബ് മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ താന്‍ ചെയ്യുന്നത് മതിയാവില്ലെന്ന് കണ്ടാണ് രാഷ്ട്രീയം തെരഞ്ഞെടുത്തതെന്നും ജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും മെഹ്താബ് വ്യക്തമാക്കി. അടുത്തവര്‍ഷത്തെ നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് പൊതു സ്വീകാര്യതയുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.