ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഇവാന്‍ വുകോമാനോവിച്ച് എന്ന പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പടയൊരുക്കം മികവുറ്റതായിരുന്നു.
ഫറ്റോര്‍ഡ: മൂന്നാം തവണയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters) ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL 2021-22) ഫൈനലിലെത്തുന്നത്. പ്രഥമ സീസണില്‍ എടികെയോട് പരാജയപ്പെട്ടു. പിന്നീട് 2016ലും ടീം ഫൈനലിലെത്തി. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഇനിയൊരു തോല്‍വി കൂടി താങ്ങാനുള്ള ശക്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കില്ല. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഇവാന്‍ വുകോമാനോവിച്ച് എന്ന പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പടയൊരുക്കം മികവുറ്റതായിരുന്നു. ഫറ്റോര്‍ഡയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇരച്ചെത്തുമ്പോള്‍ ഐഎസ്എല്‍ കിരീടം ആദ്യമായി മലയാള നാട്ടിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മുന്‍ ഇന്ത്യന്‍ താരം സി സി ജേക്കബും വലിയ ആവേശത്തിലാണ്. അദ്ദേഹം അത് പങ്കുവെക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് കിരീടം നേടിയാല്‍ സന്തോഷ് ട്രോഫിയേക്കാള്‍ വലിയ നേട്ടമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ജേക്കബിന്റെ വാക്കുകള്‍... ''സന്തോഷ് ട്രോഫിയെക്കാള്‍ മികച്ച നേട്ടമാകും കേരളത്തിന് ഐഎസ്എല്‍ കിരീടമെന്നതില്‍ സംശയമില്ല. ഇത്തവണത്തെ ഐഎസ്എല്‍ കിരീടം ബ്ലാസ്റ്റേഴ്‌സ് നേടുമെന്ന ഉറച്ച് വിശ്വാസമുണ്ട്. പോസിറ്റീവ് ഫുട്‌ബോളാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് വന്ന വഴി മറക്കാത്തവരാണെന്നും ടീമിന്റെ പോസിറ്റീവ് ഫുട്‌ബോള്‍ കീരീടധാരണത്തിലെത്തക്കും.'' അദ്ദേഹം പറഞ്ഞു.
എതിരാളിയുടെ പക്കല്‍ നിന്ന് പന്ത് വേഗം കൈക്കലാക്കാന്‍ ടീമിന് കഴിയണമെന്നും എതിര്‍ ടീമിലെ മികച്ച കളിക്കാരില്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം ഉപദേശിച്ചു. സീസണ്‍ തുടങ്ങിയപ്പോള്‍ത്തന്നെ 1973ലെ സന്തോഷ് ട്രോഫി ടീമംഗങ്ങള്‍ക്ക് ആദരമര്‍പ്പിച്ച ജേഴ്‌സി പുറത്തിറക്കിയിരുന്നു ബ്ലാസ്റ്റേഴ്‌സ്. അന്ന് കേരളാ ടീമുലുണ്ടായിരുന്നവര്‍ക്കെല്ലാം ജേഴ്‌സി എത്തിച്ചിരുന്നു. 73ലെ ചാംപ്യന്‍മാരുടെ പ്രതിനിധിയായ ജേക്കബ് അഡ്രിയാന്‍ ലൂണയ്ക്കും സംഘത്തിനും ആശംസ നേരാനും മറന്നില്ല. വിവിധ സംഘടനകളുടെ നേതൃത്ത്വത്തില്‍ മത്സരത്തിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മുന്‍ ഇന്ത്യന്‍ താരം.
മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.
