മാര്‍സലോയെ റിസര്‍വ് ടീമിലേക്ക് മാറ്റിയത് ഡ്രസിംഗ് റൂമില്‍ അമിതമായി അധോവായു പുറത്തുവിട്ടതിനെയും പൊട്ടിച്ചിരിച്ചതിനേയും തുടര്‍ന്നാണെന്നായിരുന്നു റിപ്പോര്‍ട്ട്

ലിയോണ്‍: ബ്രസീലിയന്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ മാര്‍സലോയെ(Marcelo) ഫ്രഞ്ച് ക്ലബ് ലിയോണ്‍(Olympique Lyonnais) തരംതാഴ്‌ത്തിയതിനും ടീമില്‍ നിന്ന് പുറത്താക്കിയതിനും പിന്നില്‍ വിചിത്ര കാരണമെന്ന് ഫ്രഞ്ച് മാധ്യമം(l’Equipe). മാര്‍സലോയെ റിസര്‍വ് ടീമിലേക്ക് മാറ്റിയത് ഡ്രസിംഗ് റൂമില്‍ അമിതമായി അധോവായു പുറത്തുവിട്ടതിനെയും പൊട്ടിച്ചിരിച്ചതിനേയും തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരം ഈ വിചിത്ര ആരോപണങ്ങളെല്ലാം നിഷേധിച്ചു. 

മോശം പെരുമാറ്റമാണ് ടീമില്‍ നിന്ന് പുറത്താകാന്‍ മാര്‍സലോയ്‌ക്ക് കാരണമായത് എന്ന് ഇഎസ്‌പിഎന്‍ അടക്കമുള്ള കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സീസണിന്‍റെ തുടക്കത്തിലെ തോല്‍വിക്ക് ശേഷം നായകന്‍ ലിയോ സംസാരിക്കുമ്പോള്‍ മാര്‍സലോ പൊട്ടിച്ചിരിച്ചു എന്നതാണ് താരത്തിന് മേല്‍ ചാര്‍ത്തപ്പെട്ട ഒരു കുറ്റം എന്ന് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്‌തു. ടീം മാനേജര്‍ പീറ്റര്‍ ബോസിന്‍റെയും സ്‌പോര്‍ടിംഗ് ഡയറക്‌ടറും ക്ലബിന്‍റെ ഇതിഹാസതാരവുമായ ജൂനീഞ്ഞോയുടേയും മുന്നില്‍വച്ച് അധോവായു പുറത്തുവിട്ടു എന്നതാണ് താരത്തിന് മേല്‍ ആരോപിക്കപ്പെടുന്ന മറ്റൊരു കുറ്റം. 

മോശം പ്രകടനത്തെ തുടര്‍ന്നാണ് മാര്‍സലോടെ പ്രധാന ടീമില്‍ നിന്ന് തഴഞ്ഞത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ടീമിലേക്ക് തരംതാഴ്‌ത്തപ്പെടും മുമ്പ് ഓഗസ്റ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലീഗ് വണ്ണില്‍ ലിയോണിനായി മാര്‍സലോ കളിച്ചത്. പിന്നീട് ജനുവരിയില്‍ താരം ബോര്‍ഡോയിലേക്ക് ചേക്കേറിയിരുന്നു. ജൂനീഞ്ഞോയും പീറ്റര്‍ ബോസും മാര്‍സലോയെ ടീം വിടാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ലിയോണിലെ കരാര്‍ റദ്ദാവാനുള്ള കാരണമായി തനിക്കെതിരായ ഉയര്‍ന്ന വിചിത്ര ആരോപണങ്ങളെല്ലാം ട്വിറ്ററിലൂടെ നിഷേധിച്ച് 34കാരനായ മാര്‍സലോ രംഗത്തെത്തി. 

2017 ജൂലൈയിലാണ് മാര്‍സലോ ലിയോണിലെത്തിയത്. മോശം പ്രകടനത്തെ തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ താരത്തെ റിസര്‍വ് ടീമിലേക്ക് തരംതാഴ്‌ത്തി. പിന്നാലെ 2022 ജനുവരിയില്‍ താരത്തിന്‍റെ കരാര്‍ ക്ലബ് റദ്ദാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ താരം ബോര്‍ഡോയുമായി കരാറിലെത്തുകയായിരുന്നു. ‍‍

IPL 2022 : ഐപിഎല്ലില്‍ ചെന്നൈ-മുംബൈ അങ്കം; സിഎസ്‌കെയ്‌ക്ക് ജീവന്‍മരണ പോരാട്ടം, കണക്കും സാധ്യതകളും