ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഫ്രഞ്ച് ടീമിൽ യഥാർത്ഥ ഫ്രഞ്ച് കളിക്കാർ ഇല്ലെന്ന് മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് നടത്തിയ വംശീയ പരാമർശം വലിയ വിവാദമായി. ഈ പ്രസ്താവനയ്‌ക്കെതിരെ ഫ്രാൻസും സ്പെയിനും ശക്തമായി രംഗത്തെത്തി.

പാരീസ്: യൂറോപ്യന്‍ അയല്‍രാജ്യങ്ങളായ ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി, ഫ്രഞ്ച് ടീമിനെതിരെ മുന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് നടത്തിയ വംശീയ പരാമര്‍ശം വലിയ വിവാദമായി. ഫ്രഞ്ച് ടീമില്‍ യഥാര്‍ത്ഥ ഫ്രഞ്ച് കളിക്കാരില്ല എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫ്രാന്‍സും സ്‌പെയിനും ശക്തമായി രംഗത്തെത്തി. ജൂലൈ 10-ന് 'എല്‍ ഡെബേറ്റ്' എന്ന സ്പാനിഷ് മാധ്യമത്തില്‍ എഴുതിയ കോളത്തിലാണ് രാജോയ് ഈ വിവാദ അഭിപ്രായം രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്രഞ്ച് ടീം ശക്തമാണെന്നും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സമ്മതിക്കുമ്പോഴും, 'അവര്‍ക്കില്ലാത്ത ഒരേയൊരു കാര്യം ഫ്രഞ്ച് കളിക്കാരാണ്' എന്ന് അദ്ദേഹം എഴുതി. 2011 മുതല്‍ 2018 വരെ സ്‌പെയിനിന്റെ പ്രധാനമന്ത്രിയായിരുന്നു രാജോയ്. രാജോയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍-നോയല്‍ ബാരോട്ട് രൂക്ഷമായി പ്രതികരിച്ചു. 'ഫ്രാന്‍സിന് പ്രത്യേക നിറമില്ല. അങ്ങനെയുള്ള വാദങ്ങള്‍ മണ്ടത്തരമോ വംശീയതയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്.' അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയും ഇതിനെതിരെ രംഗത്തെത്തി. 'ഒരു മുന്‍ സ്പാനിഷ് പ്രധാനമന്ത്രിയില്‍ നിന്ന് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഞങ്ങളുടെ കളിക്കാര്‍ക്ക് ആവശ്യമില്ല,' അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി. സ്‌പെയിനിലെ നിലവിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജോയുടെ വാക്കുകളെ അപലപിച്ചു. 'പേരുകള്‍, ജനനസ്ഥലം, ചര്‍മ്മത്തിന്റെ നിറം എന്നിവ വെച്ച് ഒരു രാജ്യത്തോടുള്ള കൂറ് അളക്കുന്നവരുണ്ട്. മറ്റുള്ളവര്‍ കൂറ് അളക്കുന്നത് ആ രാജ്യത്തിനായുള്ള സംഭാവനകള്‍ കൊണ്ടാണ്.' എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എക്‌സില്‍ കുറിച്ചു. വംശീയത തോല്‍ക്കട്ടെ എന്ന് ആശംസിച്ച അദ്ദേഹം, ഫ്രാന്‍സ്-സ്‌പെയിന്‍ സെമിഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പും പങ്കുവെച്ചു.

മുന്‍പും വിവാദങ്ങള്‍

ഈ ലോകകപ്പില്‍ ഫ്രഞ്ച് ടീം വംശീയ അധിക്ഷേപങ്ങള്‍ നേരിടുന്നത് ആദ്യമായല്ല. നേരത്തെ പാരാഗ്വേയ്ക്കെതിരായ മത്സരത്തിന് ശേഷം, പാരാഗ്വേയിലെ സെനറ്റര്‍ സെലസ്റ്റ അമരില്ല, ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ വംശത്തെയും രൂപത്തെയും അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. ചൊവ്വാഴ്ച ഡാളസില്‍ വെച്ച് നടക്കാനിരിക്കുന്ന ഫ്രാന്‍സ്-സ്‌പെയിന്‍ സെമിഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഉണ്ടായ ഈ വംശീയ വിവാദങ്ങള്‍ കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

YouTube video player