ഒരു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവും, ആറരക്കോടി രൂപയോളം പിഴയുമാണ് കോടതി നല്‍കിയിരിക്കുന്ന ശിക്ഷ. 

പാരീസ്: വിവാദമായ സെക്സ് ടേപ്പ് കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ (Football) താരവും, റയല്‍ മാന്‍ഡ്രിഡ് സ്ട്രൈക്കറുമായ കരീം ബെന്‍സിമ (Karim Benzema) കുറ്റക്കാരനാണെന്ന് കോടതി (French Court). കരീം ബെന്‍സിമയ്ക്ക് ഒരു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവും, ആറരക്കോടി രൂപയോളം പിഴയുമാണ് കോടതി നല്‍കിയിരിക്കുന്ന ശിക്ഷ. കരീം ബെന്‍സിമയ്ക്കൊപ്പം പ്രതികളായ നാലുപേര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് ഫുട്ബോള്‍ താരം മാത്യു വാല്‍ബുവെനയ്ക്കെതിരെ ഇറങ്ങിയ സെക്സ് ടേപ്പ്, ഈ താരത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ബെന്‍സിമ അടക്കം ഉണ്ടാക്കിയതായിരുന്നു എന്നാണ് കേസ്. 2015 ജൂണിലായിരുന്നു സംഭവം. വാല്‍ബുവെനയെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തിന് പണം നല്‍കാന്‍ കരീം ബെന്‍സിമ നിര്‍ബന്ധിച്ചതോടെയാണ് ബെന്‍സിമയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്. 

കേസില്‍ വിധി കേള്‍ക്കാന്‍ ബെന്‍സിമയോ, കേസിലെ കക്ഷിയായ മാത്യു വാല്‍ബുവെനയോ എത്തിയിരുന്നില്ല. നിലവില്‍ ഗ്രീക്ക് ക്ലബായ ഒളിംപികോസിന്‍റെ താരമാണ് വാല്‍ബുവെന. അതേ സമയം സസ്പെന്‍റഡ് തടവ് ശിക്ഷയായതിനാല്‍ ബെന്‍സിമയ്ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ലെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. കേസില്‍ പങ്കില്ലെന്നാണ് ബെന്‍സിമ കോടതിയിലും ആവര്‍ത്തിച്ചിരുന്നത്. താന്‍ വാല്‍ബുവെനെ സഹായിക്കാനാണ് ശ്രമിച്ചത് എന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. അതേ സമയം കോടതി ഉത്തരവ് കിട്ടിയാല്‍ അപ്പീല്‍ നല്‍കുമെന്നാണ് ബെന്‍സിമയുടെ വക്കീല്‍ അറിയിച്ചത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം 2015 ല്‍ വിവാദം ഉയര്‍ന്നതിന് പിന്നാലെ ഇരുവരെയും ഫ്രഞ്ച് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ അഞ്ച് വര്‍ഷത്തോളം ഫ്രഞ്ച് ടീമിന് പുറത്തായിരുന്നു ബെന്‍സിമ. 2018 ലെ ഫുട്ബോള്‍ ലോകകപ്പ് അടക്കം പ്രമുഖമായ ടൂര്‍ണമെന്‍റുകള്‍ താരത്തിന് നഷ്ടമായി. ഒടുവില്‍ 2021 യൂറോകപ്പിലാണ് താരം ദേശീയ ടീമില്‍ തിരിച്ചെത്തിയത്.