Asianet News MalayalamAsianet News Malayalam

Manchester United | മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആരാവും സോള്‍ഷ്യറുടെ പിന്‍ഗാമി; പരിഗണനയില്‍ സൂപ്പര്‍ പേരുകള്‍

കോടിക്കണക്കിന് ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിലെ ഹോട്‌സീറ്റിലേക്ക് ആരെത്തും?

From Mauricio Pochettino to Brendan Rodgers the battle for Manchester United next coach position
Author
Manchester, First Published Nov 23, 2021, 8:16 AM IST

മാഞ്ചസ്റ്റര്‍: ആരാകും ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ(Manchester United) പുതിയ പരിശീലകന്‍. മൗറീസിയോ പോച്ചെറ്റിനോയും(Mauricio Pochettino) ബ്രെണ്ടന്‍ റോഡ്ജേഴ്‌സും(Brendan Rodgers) ആണ് സാധ്യതാപട്ടികയിൽ മുന്നിൽ. സിനദിന്‍ സിദാന്‍(Zinedine Zidane) അടക്കം മറ്റ് ചില പേരുകളും ഫുട്ബോള്‍ പന്തയക്കളരിയില്‍ പ്രചരിക്കുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്നും ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിനെ(Ole Gunnar Solskjaer) പുറത്താക്കിയത്.

കോടിക്കണക്കിന് ആരാധകരുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിലെ ഹോട്‌സീറ്റിലേക്ക് ആരെത്തും? ഒലേ സോള്‍ഷെയറുടെ പിന്‍ഗാമി ആയി പ്രചരിക്കപ്പെടുന്ന പേരുകളില്‍ ഏറ്റവും മികച്ച സിവി ഉള്ളത് സിനദിന്‍ സിദാന് തന്നെ. റയൽ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ഇതിഹാസത്തിന് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാനാകില്ല. ഭാര്യ മാഞ്ചസ്റ്ററിലേക്ക് മാറാന്‍ തയ്യാറല്ലെന്നും കേള്‍ക്കുന്നു. പിഎസ്‌ജി പരിശീലകനാകാനുള്ള സാധ്യതയും ഇംഗ്ലണ്ടിലേക്ക് തത്ക്കാലം പോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കും. 

ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രണ്ടെന്‍ റോഡ്ജേഴ്‌സുമായി ഇതിനോടകം തന്നെ യുണൈറ്റഡ് പ്രതിനിധികള്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. 80 ലക്ഷം പൗണ്ട് നഷ്‌ടപരിഹാരമായി ലെസ്റ്ററിന് നൽകാനും യുണൈറ്റഡ് ഒരുക്കമായേക്കും. എന്നാൽ ലിവര്‍പൂള്‍ മുന്‍ പരിശീലകനായ റോഡ്ജേഴ്‌സിന്‍റെ വരവ് യുണൈറ്റഡ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാകണമെന്നില്ല പിഎസ്‌ജിയുടെ നിലവിലെ പരിശീലകന്‍ മൗറീസിയോ പോച്ചെറ്റിനോ എന്നെങ്കിലും യുണൈറ്റഡിലെത്തുമെന്ന് വിശ്വസിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അത് ഉടന്‍ സംഭവിക്കുമോയെന്നതിലാണ് ആകാംക്ഷ. പോച്ചെറ്റീനോ പാരീസിലെ ഹോട്ടലിലും ഭാര്യ ഇംഗ്ലണ്ടിലുമാണ് ഇപ്പോള്‍ താമസം. യൂറോപ്യന്‍ കിരീടം നേടാനായില്ലെങ്കില്‍ പിഎസ്‌ജി പോച്ചെറ്റീനോയെ കൈവിട്ടേക്കും. 

അയാക്‌സിനെ 2019ലെ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിച്ച പരിശീലകന്‍ എറിക് തെന്‍ ഹാഗിനെ കുറിച്ച് നല്ല അഭിപ്രായം മാന്‍യുവില്‍ പലര്‍ക്കുമുണ്ട്. ആക്രമണഫുട്ബോളിന് പ്രാധാന്യം നൽകുന്നതും യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലെ മികവും പരിഗണിച്ചേക്കാം. എന്നാൽ ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറയുന്നു എറിക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശക്തനായ ഏജന്‍റ് ഹോര്‍ഗെ മെന്‍ഡെസ് സെവിയ്യ പരിശീലകന്‍ യൂലന്‍ ലൊപ്പെറ്റെഗുയിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാൽ കുടുംബത്തിന്‍റെ എതിര്‍പ്പ് കാരണം അടുത്തിടെ ടോട്ടനം ഓഫര്‍ തള്ളിയ ലോപ്പെറ്റെഗുയി മാഞ്ചസ്റ്ററിലേക്ക് വരുമോയെന്ന് സംശയമാണ്.

സ്‌പാനിഷ് ദേശീയ ടീമിന്‍റെ പരിശീലകനായ ലൂയിസ് എന്‍റിക്വേ, പിഎസ്‌ജിയുടെയും ഫ്രാന്‍സിന്‍റെയും മുന്‍ പരിശീലകന്‍ ലോറെന്‍റ് ബ്ലാങ്ക്, ഷാൽക്കെ പരിശീലകനായിരുന്ന റാല്‍ഫ് വാനിക് എന്നീ പേരുകളും പന്തയക്കാരുടെ പട്ടികയിലുണ്ട്. എന്നാൽ ഈ പ്രചരിക്കുന്ന പട്ടികയിൽ ഉള്ളവരിലെത്ര പേര്‍ സീസണിന് ഇടയിൽ ക്ലബ് മാറ്റത്തിന് ഒരുക്കമെന്ന് വ്യക്തതയില്ല. അതിനാൽ തത്ക്കാലം ഇടക്കാല പരിശീലകനെ നിയമിക്കുകയും അടുത്ത സീസൺ തുടങ്ങും മുന്‍പ് ഒരു മുഴുവന്‍സമയ പരിശീലകനിലേക്ക് മാറുകയും ചെയ്യാനുള്ള തീരുമാനവും പ്രതീക്ഷിക്കാം. 

Ole Gunnar Solskjaer Exit‌‌| സോള്‍ഷെയറെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പകരക്കാരനായി വരുമോ സിദാന്‍ ?

Follow Us:
Download App:
  • android
  • ios