ആഴ്‌സനലാവട്ടെ, സ്ട്രൈക്കര്‍മാരായ ഒബാമയാങ്, ലകസറ്റ എന്നിവര്‍ക്ക് പകരക്കാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ മൈക്കല്‍ അര്‍ടെട്ട അടുത്ത സീസണിലെ പദ്ധതികളില്‍ പ്രധാനിയായി ലക്ഷ്യം വച്ചിരുന്നതും ജെസ്യൂസിനെയായിരുന്നു.

മാഞ്ചസ്റ്റര്‍: ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജെസ്യൂസിന്റെ (Gabriel Jesus) സൈനിംഗ് പൂര്‍ത്തിയാക്കി ആഴ്‌സനല്‍. 45 മില്യണ്‍ പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ (Manchester City) നിന്നാണ് മുന്നേറ്റനിര താരമെത്തുന്നത്. സിറ്റിയുമായി ജെസ്യൂസിന്റെ നിലവിലെ കരാര്‍ അടുത്ത സീസണിനൊടുവിലാണ് അവസാനിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ് (Julian Alvarez) എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. 

ആഴ്‌സനലാവട്ടെ, സ്ട്രൈക്കര്‍മാരായ ഒബാമയാങ്, ലകസറ്റ എന്നിവര്‍ക്ക് പകരക്കാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ മൈക്കല്‍ അര്‍ടെട്ട അടുത്ത സീസണിലെ പദ്ധതികളില്‍ പ്രധാനിയായി ലക്ഷ്യം വച്ചിരുന്നതും ജെസ്യൂസിനെയായിരുന്നു. ഏതാനും ആഴ്ചകളായി ആഴ്സണല്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഇതാണിപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. 2017ല്‍ സിറ്റിയിലെത്തിയ ജെസ്യൂസ് ക്ലബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം ടോട്ടന്‍ഹാമിനും ജെസ്യൂസില്‍ താല്‍പര്യമുണ്ടായിരുന്നു.

നേരത്തെ, യുവതാരം ഏര്‍ലിംഗ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി അഞ്ചുവര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചിരുന്നു. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 488 കോടി രൂപയാണ് ട്രാന്‍സ്ഫര്‍ തുക. 2027 ജൂലൈ ഒന്നുവരെയാണ് കരാര്‍. 21കാരനായ ഹാലന്‍ഡ് ബൊറൂസ്യക്കായി 89 കളിയില്‍ 86 ഗോള്‍ നേടിയിട്ടുണ്ട്. ജൂലൈ ഒന്നിന് നോര്‍വെ താരമായ ഹാലന്‍ഡ് ഔദ്യോഗികമായി സിറ്റിയിലെത്തുക.

ബാഴ്‌സലോണയുടേയും റയല്‍ മാഡ്രിഡിന്റെയും മത്സരത്തെ അതിജീവിച്ചാണ് ഹാലന്‍ഡിനെ സിറ്റി സ്വന്തമാക്കിയത്. തന്റെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ കഴിയുന്ന ക്ലബിലാണ് എത്തിച്ചേര്‍ന്നതെന്ന് ഹാലന്‍ഡ് കരാര്‍ ഒപ്പുവച്ചതിന് ശേഷം പറഞ്ഞു. 

2000 മുതല്‍ 2003വരെ സിറ്റിയുടെ താരമായിരുന്ന ആല്‍ഫി ഹാലന്‍ഡിന്റെ മകനാണ് ഏര്‍ലിംഗ്. 2020-21 സീസണില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയിലെ മികച്ച കളിക്കാരനായി ഹാലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.