Asianet News MalayalamAsianet News Malayalam

ഗോളടിപ്പിച്ച് ബെയ്ല്‍; യൂറോയില്‍ വെയില്‍സിന് ജയം, തുര്‍ക്കി പുറത്തേക്ക്

ആരോണ്‍ റംസിയാണ് വെയ്ല്‍സിന്റെ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇറ്റലിയോടും തുര്‍ക്കി പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിന് പുറത്താകല്‍ ഭീഷണിയിലാണ്.
 

Gareth Bale helps Wales to beat Turkey in Euro Cup
Author
Baku, First Published Jun 16, 2021, 11:44 PM IST

ബാകു: യൂറോ കപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതിയിരുന്ന തുര്‍ക്കിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഗ്രൂപ്പ് എയില്‍ വെയ്ല്‍സിനെതരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തുര്‍ക്കിയുടെ തോല്‍വി. ആരോണ്‍ റംസിയാണ് വെയ്ല്‍സിന്റെ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇറ്റലിയോടും തുര്‍ക്കി പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിന് പുറത്താകല്‍ ഭീഷണിയിലാണ്. 

ഗരെത് ബെയ്ല്‍- റംസി കൂട്ടുകെട്ട് പലപ്പോഴും തുര്‍ക്കി ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ബെയ്‌ലിന്റെ പാസ് സ്വീകരിച്ച് റംസി തൊടുത്ത ഷോട്ട് തുര്‍ക്കി ഗോള്‍ കീപ്പര്‍ ഉഗുര്‍കാന്‍ കാകിര്‍ രക്ഷപ്പെടുത്തി. അത് 15 മിനിറ്റിന് മുമ്പ് ബുറാക് യില്‍മസിലൂടെ തുര്‍ക്കിയും രണ്ട് ശ്രമങ്ങള്‍ നടത്തി. 24-ാം മിനിറ്റില്‍ യുവന്റസ് താരം റംസിക്ക് സുവര്‍ണാവസരം. 

ഇത്തവണയും ബെയ്‌ലിന്റെ പാസ് സ്വീകരിച്ച റംസി തുര്‍ക്ക്  ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു. 42-ാം മിനിറ്റില്‍ റംസിയുെട മൂന്നാം ശ്രമത്തില്‍ വെയ്ല്‍സ് ഗോള്‍ നേടി. മധ്യവരയ്ക്ക് തൊട്ടുമുന്നില്‍ നിന്ന് ബെയ്ല്‍ തുര്‍ക്കി പ്രതിരോധത്തിന് മുകളിലൂടെ താഴ്ത്തിയിറങ്ങിയ പന്ത്് നെഞ്ചില്‍ സ്വീകരിച്ച് നിലത്തിറക്കി റംസി ഷോട്ടുതിര്‍ത്തു. സ്‌കോര്‍ 1-0. 

61-ാം മിനിറ്റില്‍ വെയ്ല്‍സിന് ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചു. ബെയ്‌ലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ബെയ്ല്‍ തന്നെയെടുത്ത കിക്ക് പുറത്തേക്ക് പോയി. 87-ാം മിനിറ്റില്‍ തുര്‍ക്കി താരം മെറിഹ് ഡെമിറലിന്റെ ഹെഡ്ഡര്‍ വെയ്ല്‍സ് കീപ്പര്‍ ഡാനി വാര്‍ഡ് രക്ഷപ്പെടുത്തി. പിന്നീട് ഇഞ്ചുറി സമയത്തെ ഗോളിലൂടെ കോണര്‍ റോബേര്‍ട്‌സ് വെയ്ല്‍സിന്റെ വിജയമുറപ്പിച്ചു. ബെയ്‌ലായിരുന്നു ഗോളിന് പിന്നില്‍.

Follow Us:
Download App:
  • android
  • ios