മാഡ്രിഡ്: ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് മാറാനുള്ള ശ്രമം റയൽ മാഡ്രിഡ് താരം ഗാരെത് ബെയ്ൽ വീണ്ടും സജീവമാക്കുന്നു. സ്‌പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്‌ച ലണ്ടനില്‍ വച്ച് തന്‍റെ ഏജന്‍റുമായി ബെയ്ൽ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് സൂചനയുണ്ട്. 

ബെയ്‌ലും പരിശീലകന്‍ സിദാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായതിന് പിന്നാലെയാണ് പുതിയ നീക്കം. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ഷാങ്ഹായ് ഷെന്‍ഹുവ ക്ലബ്ബിലേക്ക് മാറാനാണ് ശ്രമം. അതേസമയം ബെയ്ൽ റയലിൽ സന്തുഷ്ടനാണെന്നും തങ്ങള്‍ തമ്മിൽ നല്ല ബന്ധമാണെന്നും സിനദീന്‍ സിദാന്‍ പ്രതികരിച്ചു. തന്‍റെ അനുവാദത്തോടെയാണ് ബെയ്ൽ ലണ്ടനിലേക്ക് പോയതെന്നും സിദാന്‍ പറഞ്ഞു. 

ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ റയല്‍ മാഡ്രിഡ് മാനേജ്‌മെന്‍റിന് സൂപ്പര്‍താരം കൈമാറുമെന്ന് ഈ മാസം ആദ്യം സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെയ്‌ലും സിദാനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇതാദ്യമല്ല. സിദാനുമായുള്ള ഭിന്നതയെ തുടര്‍ന്ന് ക്ലബ് വിടാന്‍ കഴിഞ്ഞ സീസണിലും ബെയ്‌ല്‍ പദ്ധതിയിട്ടിരുന്നു.