ടൂർണമെന്‍റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഫ്രാൻസിന്‍റെ കുതിപ്പ്. സെനഗലിനെ 3-1 നും, ഇറാഖിനെ 3-0 നും, നോർവേയെ 4-1 നും തകർത്ത ഫ്രാൻസ് റൗണ്ട് ഓഫ് 32-ൽ സ്വീഡനെ 3-0 നും വീഴ്ത്തി.

ലണ്ടൻ: ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഫ്രാൻസിനെ തളയ്ക്കാൻ നിലവിൽ ഒരൊറ്റ ടീമിന് മാത്രമേ സാധിക്കൂ എന്ന് മുൻ ഇംഗ്ലണ്ട് ഇതിഹാസ താരം ഗാരി നെവിൽ. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലെ ആദ്യ മത്സരത്തിലും ആധികാരിക ജയം നേടിയ ഫ്രഞ്ച് പടയെ വീഴ്ത്താൻ നിലവില്‍ അർജന്‍റീനയ്ക്ക് മാത്രമേ കഴിയൂ എന്നാണ് നെവിലിന്‍റെ പ്രവചനം. അർജന്‍റീനിയൻ കളിക്കാരുടെ മനക്കരുത്തും കളിയിലെ ആക്രമണോത്സുകതയും തന്ത്രങ്ങളുമാണ് അവരെ ഫ്രാൻസിന് മുന്നിൽ നിർത്തുന്ന ഏക ഘടകമെന്നും നെവിൽ ഐടിവി സ്പോർട്സിനോട് സംസാരിക്കവെ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ ഫോമിൽ ഫ്രാൻസിനെ തടയാൻ ഞാന്‍ സാധ്യത കാണുന്ന ഒരേയൊരു ടീം അർജന്‍റീനയാണ്. കളിയിലെ അവരുടെ ആ ഒരു ആക്രമണോത്സു ശൈലിയും കടുപ്പമേറിയ സമീപനവും വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയസമ്പത്തുമാണ് അതിന് കാരണം. ഫ്രാൻസിന് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാൻ പോന്ന ഒത്തൊരുമയും മനക്കരുത്തും അർജന്‍റീനയ്ക്ക് മാത്രമാണുള്ളതെന്നും നെവിൽ പറഞ്ഞു. കണക്കുകളും അർജന്‍റീനയുടെ പ്രതിരോധക്കരുത്ത് ശരിവെയ്ക്കുന്നുണ്ട്. ടൂർണമെന്‍റിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് അർജന്‍റീന വഴങ്ങിയത്. കൂടാതെ കളിയിലുടനീളം കടുത്ത ടാക്ലിംഗുകളിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതിൽ പരാഗ്വെയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് അർജന്‍റീനിയൻ പ്രതിരോധം.

ടൂർണമെന്‍റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഫ്രാൻസിന്‍റെ കുതിപ്പ്. സെനഗലിനെ 3-1 നും, ഇറാഖിനെ 3-0 നും, നോർവേയെ 4-1 നും തകർത്ത ഫ്രാൻസ് റൗണ്ട് ഓഫ് 32-ൽ സ്വീഡനെ 3-0 നും വീഴ്ത്തി. അടുത്തതായി പ്രീ-ക്വാർട്ടറിൽ പരാഗ്വെയെയാണ് അവർ നേരിടുന്നത്. ക്വാർട്ടറിൽ മൊറോക്കോയും സെമിയിൽ സ്പെയിനും വരാൻ സാധ്യതയുള്ള കടുത്ത മത്സരക്രമം ആണെങ്കിലും ഫ്രഞ്ച് മുന്നേറ്റ നിരയുടെ ഫോം ലോകോത്തരമാണ്.

ടൂർണമെന്‍റിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ (13) അടിച്ചുകൂട്ടിയത് ഫ്രാൻസാണ്. ഇതിൽ ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ആറ് ഗോളുകളും, ഉസ്മാൻ ഡെംബെലെ നാല് ഗോളുകളും, ബ്രാഡ്‌ലി ബാർക്കോള രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഇവർക്ക് പിന്നിൽ കളിക്കുന്ന നമ്പർ 10 താരം മൈക്കൽ ഒലീസെ ഇതിനകം 5 അസിസ്റ്റുകളുമായി ടൂർണമെന്‍റിൽ മുന്നിലാണ്. ഫ്രാൻസിന്റെ മുന്നേറ്റ നിരയിലെ ആ നാല് പേർ ലോകകപ്പിലെ ഏതൊരു പ്രതിരോധ നിരയ്ക്കും പേടിസ്വപ്നമാണെന്നും നിലവിൽ മറ്റ് വമ്പൻമാരേക്കാൾ എത്രയോ മുകളിലാണ് ഫ്രാൻസിന്‍റെ കളി നിലവാരമെന്നും നെവിൽ പറഞ്ഞു.

വീണ്ടുമൊരു ഫ്രാൻസ്-അർജന്റീന ഫൈനൽ വരുമോ

2018 ലോകകപ്പിൽ ഫ്രാൻസ് 4-3 ന് അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ, 2022 ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മെസിയും കൂട്ടരും ഫ്രാൻസിനോട് പ്രതികാരം വീട്ടിയിരുന്നു. നിലവിലെ ലോകകപ്പ് മത്സരക്രമ പ്രകാരം ഇരുടീമുകളും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് വരുന്നത്. അതിനാൽ ഇരുടീമുകളും മുന്നേറിയാൽ 2022-ലെ ആ ഇതിഹാസ ഫൈനലിന്‍റെ ആവർത്തനത്തിന് 2026 ലോകകപ്പും വേദിയായേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക