ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ തപ്പിത്തടയുന്ന ബാഴ്‌സലോണയ്ക്ക് മറ്റൊരു തിരിച്ചടി. പരുക്കേറ്റ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെയ്ക്ക് രണ്ടുമാസം കളിക്കളത്തില്‍ നിന്നുവിട്ടു നില്‍ക്കേണ്ടിവരും. അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ പിക്വെയുടെ കാല്‍മുട്ടിനാണ് പരുക്കേറ്റത്. രണ്ടുമാസം കഴിഞ്ഞുള്ള പരിശോധനയ്ക്ക് ശേഷമേ പിക്വെയ്ക്ക് എന്ന് തിരികെ എത്താന്‍ കഴിയുമെന്ന് വ്യക്തമാവൂ എന്ന് ബാഴ്‌സലോണ മാനേജ്‌മെന്റ് അറിയിച്ചു. 

ആറുമാസമെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് സൂചന. പക്വെയ്ക്ക് പരുക്കേറ്റതോടെ സെന്‍ട്രല്‍ ഡിഫന്‍സില്‍ ക്ലെമന്റ് ലെഗ്‌ലെറ്റ് മാത്രമാണ് ബാഴ്‌സ നിരയിലുള്ളത്. മറ്റ് രണ്ട് ഡിഫന്‍ഡര്‍മാരായ സാമുവല്‍ ഉംറ്റിറ്റിയും റൊണാള്‍ഡ് അറൗജോയും പരുക്കിന്റെ പിടിയിലാണ്.

സീരി എയില്‍ ഇന്റര്‍ മിലാന് ജയം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ ജയം. ടോറിനോയ്‌ക്കെതിരെ രണ്ടുഗോളിന് പിന്നിട്ടുന്ന നിന്ന ഇന്റര്‍ നാല് ഗോള്‍ തിരിച്ചടിച്ചാണ് ജയം സ്വന്തമാക്കിയത്. സസ, ക്രിസ്റ്റ്യന്‍ അന്‍സാള്‍ഡി എന്നിവരാണ് ടോറിനോയുടെ സ്‌കോറര്‍മാര്‍. 64ആം മിനിറ്റുവരെ ടോറിനോ രണ്ട് ഗോളിന് മുന്നിലായിരുന്നു.

മൂന്ന് മിനിറ്റിനിടെ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഇന്റര്‍ ഒപ്പമെത്തി. അലക്‌സിസ് സാഞ്ചസും റൊമേലു ലുക്കാക്കുവുമാണ് ഗോളുകള്‍ നേടിയത്. ലുക്കാക്കുവിന്റെ രണ്ടാം ഗോളും ലൗറ്ററോ മാര്‍ട്ടിനസിന്റെ ഗോളും ഇന്ററിന്റെ ജയം ഉറപ്പാക്കി. എട്ട് കളിയില്‍ നാലാം ജയത്തോടെ ഇന്റര്‍ 15 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.