അഞ്ചാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ജർമ്മനി എത്തുന്നു. 2014-ലെ കിരീടനേട്ടത്തിന് ശേഷം കഴിഞ്ഞ രണ്ട് ടൂർണമെന്റുകളിലും ഗ്രൂപ്പ് ഘട്ടം കടക്കാനായിരുന്നില്ല.
ഹൂസ്റ്റൺ: അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യൂറോപ്യൻ വമ്പന്മാരായ ജർമനി ഇത്തവണ ലോകകപ്പിനെത്തുന്നത്. 2014 ലെ കിരീട നേട്ടത്തിന് ശേഷം പിന്നീട് നടന്ന രണ്ട് ടൂർണമെന്റുകളിലും ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ജർമനി പുറത്തായത്. ഇത്തവണ ഐവറി കോസ്റ്റും, ഇക്വഡോറും, ക്യുറസവോയും അടങ്ങുന്ന ഗ്രൂപ്പ് ഇ- ലാണ് ഇത്തവണ ജർമനി. യോഗ്യത റൗണ്ടിൽ ആറിൽ അഞ്ചും ജയിച്ചാണ് ജർമനി എത്തുന്നത്. ഒരു തോൽവി മാത്രമാണ് ജർമനിക്ക് യോഗ്യത റൗണ്ടിൽ വഴങ്ങേണ്ടി വന്നത്.
കോച്ച് നാഗൽസ്മാന്റെ കീഴിൽ ഇതുവരെ 31 കളികൾ ജർമനി കളിച്ചപ്പോൾ പത്തൊന്പത് ജയം അവർ സ്വന്തമാക്കിയിട്ടുണ്ട്. ആറ് സമനിലയും തോൽവിയും. 70 ഗോളുകളാണ് ഇക്കാലയവളിൽ ജർമനി അടിച്ചുകൂട്ടിയത്. വഴങ്ങിയത് കേവലം 33 എണ്ണം മാത്രം. ഗോൾവല കാക്കാൻ പതിവുപോലെ മാനുവൽ നൂയർ ഉണ്ട്. പ്രതിരോധത്തിൽ ജോഷ്വാ കിമ്മിച്ചിന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും പ്രധാനം. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ അലക്സാണ്ടർ പാവ്‌ലോവിച് ഉണ്ട്. ബയേണിന്റെ മിന്നും താരമായ പാവ്‌ലോവിചിനെ കേന്ദ്രീകരിച്ചുതന്നെയായിരിക്കും ജർമനി തന്ത്രങ്ങൾ മെനയുക. അറ്റാക്കിൽ കായ് ഹാവെർട്സും ഡെനിസ് ഉൻടാവിന്റെയും യുവതാരം ജമാൽ മൂസിയാളയുടെ സാന്നിധ്യവും ഏത് പ്രതിരോധക്കോട്ടയും പൊളിക്കാൻ പോന്നതാണ്.
ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന സവിശേഷതയോടെയാണ് ക്യുറസവോയാണ് ജർമനിയുടെ ആദ്യ എതിരാളികൾ. ഇന്ന് രാത്രി 10:30 നാണ് മത്സരം. യൂറോപ്യൻ വമ്പന്മാരായ സ്വീഡനെയും സ്ലോവേനിയയും പിന്നിലാക്കി യോഗ്യത നേടിയെത്തിയ ക്യുറസവോയെ കേവലം കുഞ്ഞൻ ടീമെന്ന വിശേഷണത്തോടെ നോക്കികാണേണ്ടതില്ലെന്നാണ് കണക്കുകൾ പറയുന്നത്. ജർമനി തീർക്കുന്ന മൂർച്ചയേറിയ അറ്റാക്കുകൾ പ്രതിരോധിക്കുക എന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ ക്യുറസവോ നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി.



