വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്‌ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.

വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയക്ക് ഉജ്ജ്വല തുടക്കം. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സോക്കറൂസ് തുർക്കിയെ നിഷ്പ്രഭമാക്കിയത്. കൗണ്ടർ അറ്റാക്കിങ്ങിൽ അസാധ്യ വേഗതയും ക്ലിനിക്കൽ ഫിനിഷിങ്ങും പുറത്തെടുത്ത ഓസ്‌ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27'), കോണർ മെറ്റ്കാഫ് (75') എന്നിവർ ലക്ഷ്യം കണ്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്‌ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. 24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയൻ ഗോല്‍ കീപ്പര്‍ പാട്രിക് ബീച്ചിന്‍റെ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. തുര്‍ക്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബീച്ചിന്‍റെ കൈക്കരുത്തില്‍ അമര്‍ന്നത്.

ആക്രമിച്ചത് തുർക്കി; ഗോളടിച്ചത് ഓസ്‌ട്രേലിയ

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് തുർക്കിയാണ് കളി നിയന്ത്രിച്ചത്. 72 ശതമാനം പൊസഷനുമായി കളിച്ച തുർക്കി, ഓസ്‌ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പതോളം ഷോട്ടുകളാണ് ഉതിർത്തത്. ആർദ ഗുലെർ നയിച്ച തുർക്കി ആക്രമണ നിര നിരന്തരം പരീക്ഷിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.

തുർക്കിയുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലാണ് കളിയുടെ ഗതി മാറ്റിമറിച്ച ഓസ്‌ട്രേലിയയുടെ ആദ്യ ഗോൾ പിറന്നത്. 27-ാം മിനിറ്റിൽ പോൾ ഒകോൺ നൽകിയ തകർപ്പൻ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ഇരുപതുകാരൻ നെസ്റ്റോറി ഇരങ്കുണ്ട, തുർക്കി പ്രതിരോധ താരം മെരിഹ് ഡെമിറലിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇരങ്കുണ്ട സ്വന്തമാക്കി. തുടർന്ന് തുർക്കിയുടെ അബ്ദുൾകെരിം ബർദാക്ചിയുടെ ലോങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ഓസ്‌ട്രേലിയക്ക് ഭാഗ്യമായി.

കളി അവസാനിപ്പിച്ച് മെറ്റ്കാഫിന്റെ സോളോ മാജിക്

രണ്ടാം പകുതിയിലും സമനിലക്കായി തുർക്കി കിണഞ്ഞു ശ്രമിച്ചെങ്കിലും പാട്രിക് ബീച്ചിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ പ്രതിരോധം 100 മിനിറ്റോളം ഒരു പിഴവും വരുത്താതെ ഉറച്ചുനിന്നു. കളി അവസാനിക്കാൻ 15 മിനിറ്റ് ബാക്കിനിൽക്കെ തുർക്കിയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. മിഡ്‌ഫീൽഡിൽ നിന്ന് പന്തുമായി ഒറ്റക്ക് കുതിച്ച കോണർ മെറ്റ്കാഫ്, ബോക്‌സിന്റെ അതിർത്തിയിൽ നിന്ന് തൊടുത്ത പവർഫുൾ ലോ ഷോട്ട് തുർക്കി കീപ്പർ ഉഗുർകാൻ ചാക്കിറിനെ കാഴ്ചക്കാരനാക്കി വലയുടെ വലതുമൂലയില്‍ പതിക്കുകയായിരുന്നു. കോച്ച് ടോണി പോപോവിച്ചിന്‍റെ തന്ത്രപരമായ നീക്കങ്ങളും പരീക്ഷണങ്ങളും പൂർണ്ണമായി വിജയം കണ്ട മത്സരത്തിൽ പ്രതിരോധക്കരുത്തിലാണ് ഓസ്‌ട്രേലിയ ചരിത്രവിജയം കുറിച്ചത്. വരും മത്സരങ്ങളിൽ സഹ-ആതിഥേയരായ അമേരിക്കയാണ് ഓസ്‌ട്രേലിയയുടെ അടുത്ത എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക