Realmadrid is the club with the most goals scored by all its players combined worldcup 2026 ലോകകപ്പിൽ ക്ലബ്ബുകളുടെ ഗോൾവേട്ടയിൽ പത്ത് ഗോളുകളുമായി റയൽ മാഡ്രിഡ് താരങ്ങൾ മുന്നിലാണ്. പിഎസ്ജിയും ക്രിസ്റ്റൽ പാലസുമാണ് ആറ് ഗോളുകളുമായി രണ്ടാമത്.
ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് അവസാനത്തോടടുക്കുമ്പോൾ ഗോൾവേട്ടയിൽ മുന്നിൽ റയൽ മാഡ്രിഡ് തന്നെ. ഇതുവരെ പത്ത് ഗോളുകളാണ് റയൽ മാഡ്രിഡ് താരങ്ങൾ ലോകകപ്പിൽ അടിച്ചുകൂട്ടിയത്. നാല് വീതം ഗോളുകളുമായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെയും ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറും പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. ഓരോ വീതം ഗോളുകൾ നേടി ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങ്‌ഹാമും തുർക്കിയുടെ ആർദ ഗുളറും സാന്നിധ്യമറിയിച്ചു. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഗുളർ അമേരിക്കയ്ക്ക് എതിരെ നേടിയത്.
പതിനൊന്ന് കളിക്കാരാണ് റയൽ മാഡ്രിഡിന്റെതായി വിവിധ രാജ്യങ്ങളിൽ കളിക്കുന്നത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസുമാണ് രണ്ടാം സ്ഥാനത്ത്. ആറ് ഗോളുകളാണ് പിസ്ജിയുടെയും ക്രിസ്റ്റൽ പാലസിന്റെയും താരങ്ങൾ നേടിയത്. അഞ്ച് ഗോളുകൾ മെസ്സി ഒറ്റയ്ക്ക് നേടിയത് കൊണ്ട് തന്നെ ഇന്റർ മിയാമി പട്ടികയിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ എന്നിവർക്കും ഇതുവരെ അഞ്ച് വീതം ഗോളുകളുണ്ട്.
അതേസമയം അഞ്ച് ഗോൾ നേട്ടവുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ മെസി തന്നെയാണ് മുന്നിൽ. അൾജീരിയയ്‌ക്കെതിരെ ഹാട്രിക്ക് നേട്ടവും ഓസ്ട്രിയയ്ക്കെതിരെ ഇരട്ടഗോളുകളുമായി വമ്പൻ പ്രകടനമാണ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ മെസി കാഴ്ചവച്ചത്. ഇന്ന് ഫ്രാൻസ്- നോർവേ പോരാട്ടം അരങ്ങേറുമ്പോൾ ഗോൾ വേട്ടയിൽ മെസ്സിക്ക് തൊട്ടുപുറകിലുള്ള എംബാപെയും ഹാളണ്ടും ഗോൾ നേടുമോ എന്നും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു. ഇരുവർക്കും നിലവിൽ നാല് ഗോളുകൾ വീതമാണുള്ളത്. ഇന്ന് ഇരട്ട ഗോളുകൾ നേടിയാൽ ലോകകപ്പിലെ എക്കാലത്തെയും വലിയ ടോപ് സ്‌കോറർ എന്ന റെക്കോർഡ് മെസിയെ മറികടന്ന് എംബാപെ സ്വന്തമാക്കും. രാത്രി 12: ൩൦ നാണ് ഫ്രാൻസ്- നോർവേ പോരാട്ടം.



