Nana Kwaku Bonsam predicted Cristiano Ronaldo and Portugal will win the World Cup
ഘാന- ഇംഗ്ലണ്ട് മത്സരവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ കാര്യമായിരുന്നു ഘാനയിലെ നാന ക്വാകു ബോൺസാം എന്ന ദുർമന്ത്രവാദിയുടെ പ്രവചനം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ നേടാതിരിക്കാൻ വേണ്ടി താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നായിരുന്നു നാന ക്വാകു ബോൺസാമിന്റെ അവകാശവാദം. മത്സരത്തിൽ ഘാനയോട് സമനിലവഴങ്ങാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. രണ്ട് മികച്ച അവസരങ്ങൾ ഹാരി കെയ്ൻ തുലച്ചതും ഇതിന് പിന്നാലെ ചർച്ചയായി.
ഇപ്പോഴിതാ പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ് നാന ക്വാകു ബോൺസാം. ഈ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുമെന്നും പോർച്ചുഗലിന് ഉള്ളതാണ് ഈ ടൂർണമെന്റ് എന്നും നാന ക്വാകു ബോൺസാം പറയുന്നു. ദുർമന്ത്രവാദിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ വൈറലാണിപ്പോൾ.
ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച നാന ക്വാകു ബോൺസാം, 1992-ൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്.ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളും പിന്തുടരുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവർ അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ്.
അതേസമയം ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയുമായാണ് പോർച്ചുഗലിന് ഇനിയുള്ള മത്സരം. ഗ്രൂപ്പ് കെയിലെ ചാമ്പ്യന്മാരെ നിർണയിക്കുന്ന മത്സരം കൂടിയാണിത്. ജൂൺ 28 ന് പുലർച്ചെ 5 മണികകാൻ മത്സരം. ആദ്യ കളിയിൽ കോംഗോയോട് ഏറ്റുവാങ്ങിയ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം രണ്ടാം മത്സരത്തിൽ ഉസ്ബകിസ്താനോട് പോർച്ചുഗൽ തീർത്തിരുന്നു. റൊണാൾഡോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരം എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.



