Asianet News MalayalamAsianet News Malayalam

ലോസെൽസോ പരിക്കേറ്റ് പുറത്ത്; ഖത്തര്‍ ലോകകപ്പിന് മുമ്പ് അർജന്‍റീനയ്ക്ക് കനത്ത പ്രഹരം

ലിയോണൽ മെസിക്ക് ഏറ്റവുമധികം പാസുകൾ നൽകിയ താരം കൂടിയാണ് ലോസെൽസോ

Giovani Lo Celso ruled out of FIFA World Cup 2022 with injury
Author
First Published Nov 9, 2022, 7:39 AM IST

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് തിരിച്ചടി. പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോയ്ക്ക് ലോകകപ്പ് നഷ്ടമാകും. കണങ്കാലിന് പരിക്കേറ്റ താരം ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകും. വിയ്യാ റയൽ ടീം ഉടൻ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കും. അർജന്‍റൈൻ കോച്ച് ലിയോണൽ സ്‌കലോണിയുടെ ടീമിൽ സ്ഥിരസാന്നിധ്യമായിരുന്ന ലോസെൽസോ ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ അ‍ർജന്‍റൈൻ താരമാണ്.

ലിയോണൽ മെസിക്ക് ഏറ്റവുമധികം പാസുകൾ നൽകിയ താരം കൂടിയാണ് ലോസെൽസോ. ഖത്തറിലെ ലോകകപ്പില്‍ ലോസെൽസോ വലിയ നഷ്ടമാണെന്ന് സ്കലോണി പ്രതികരിച്ചു. ലോകകപ്പിനുള്ള സ്‌ക്വാഡിനെ അര്‍ജന്‍റീന പ്രഖ്യാപിക്കുന്നതേയുള്ളൂ. 

അതേസമയം ലോകകപ്പിന് മുമ്പ് സൂപ്പര്‍താരം ഏഞ്ചൽ ഡി മരിയ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തത് അര്‍ജന്‍റീനയ്ക്ക് ആശ്വാസമാണ്. ഒക്ടോബര്‍ ആദ്യവാരമാണ് മക്കാബിക്കെതിരായ യുവന്‍റസിന്‍റെ മത്സരത്തിനിടെ ഡി മരിയ തുടയില്‍ പരിക്കേറ്റ് മടങ്ങിയത്. തുടര്‍ന്ന് സീരി എയില്‍ യുവന്‍റസിന്‍റെ അഞ്ച് മത്സരങ്ങള്‍ ഡി മരിയക്ക് നഷ്ടമായിരുന്നു. ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയില്‍ നിന്ന് ഡി മരിയ യുവന്‍റസിലെത്തിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും 34കാരനായ ഡി മരിയ കളിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം  അർജന്‍റീന കോപ്പ അമേരിക്ക നേടുമ്പോൾ ഫൈനലിൽ വിജയ ഗോൾ നേടിയത് ഏഞ്ചൽ ഡി മരിയയായിരുന്നു. അടുത്തയാഴ്ച ലോകകപ്പിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിക്കും. നവംബര്‍ 14 ആണ് ലോകകപ്പ് സ്ക്വാഡുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ജന്‍റീനയുടെ ബന്ധവൈരികളായ ബ്രസീല്‍ ഇതിനകം ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെയാണ് അര്‍ജന്‍റീനയും ബ്രസീലും ഇക്കുറി ടൂര്‍ണമെന്‍റിന് ഖത്തറിലെത്തുക. 

കേരളം ഫുട്ബോള്‍ പ്രേമികളുടെ നാട്; പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച ഫിഫയ്ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios