കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചാംപ്യന്മാരുടെ പോരാട്ടം. ബംഗളൂരു എഫ് സി വൈകിട്ട് 7.30ന് എടികെയെ നേരിടും. ഒമ്പത് മത്സരത്തില്‍ 16 പോയിന്റുമായി ബംഗളൂരു രണ്ടും 15 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ ബംഗളൂരുവിന് പതിനെട്ട് പോയിന്റുള്ള ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. 

സ്വന്തം കാണികള്‍ക്ക് മുന്നിലെ മികച്ച പ്രകടനം ബംഗളൂരുവിനെതിരെയും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എടികെ കോച്ച് അന്റോണിയോ ഹബാസ്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാത്ത ഏകടീമാണ് എടികെ. 

ആരാധകരുടെ ആവേശക്കരുത്തില്‍ പത്തുഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് മൂന്നെണ്ണം മാത്രം. എട്ട് ഗോള്‍ നേടിക്കഴിഞ്ഞ റോയ് കൃഷ്ണയുടെ ബൂട്ടുകളെയാണ് എടികെ ഉറ്റുനോക്കുന്നത്. ഇതേസമയം കണക്കുകള്‍ ബംഗളൂരുവിനൊപ്പമാണ്. 

ഇതുവരെ ഏറ്റുമുട്ടിയ നാലുകളിയില്‍ സുനില്‍ ഛേത്രിയും സംഘവും ജയിച്ചു. ഛേത്രിയും ഉദാന്ത സിംഗും ആഷിക് കുരുണിയനും നയിക്കുന്ന മുന്നേറ്റനിരയ്‌ക്കൊപ്പം ഉലയാത്ത പ്രതിരോധവുമുണ്ട് ബംഗളൂരുവിന്. ഒന്‍പത് കളിയില്‍ ഇതുവരെ വഴങ്ങിയത് അഞ്ചുഗോള്‍ മാത്രം. നേടിയത് പതിനൊന്നുഗോളും.