കളം നിറഞ്ഞുകളിച്ച ബ്രസീൽ താരം ഫെർണാണ്ടീഞ്ഞോയുടെ ഹാട്രിക് ഗോളുകളിലൂടെ ലാറ്റിനമേരിക്കൻ സംഘം 4-1ന്‍റെ വ്യക്തമായ മേൽക്കൈ നേടി.
കൊച്ചി: കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ ആവേശക്കടലാക്കി ബ്രസീൽ ലജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിൽ നടന്ന ഇതിഹാസ പോരാട്ടത്തിന് സൂപ്പർ ക്ലൈമാക്സ്. ആവേശം കൊടിമുടി കയറിയ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3) ബ്രസീൽ ലജൻഡ്സ് വിജയം സ്വന്തമാക്കി. ബ്രസീലിനായി ഫെർണാണ്ടീഞ്ഞോ ഹാട്രിക് നേട്ടത്തോടെ മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ, ഇരട്ട ഗോളുകളുമായി മലയാളി താരം സി.കെ. വിനീത് ഇന്ത്യൻ നിരയിൽ തിളങ്ങി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യക്കായി 14-ാം മിനിറ്റിൽ സി.കെ. വിനീതാണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 21-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ ടീമിനെ ഒപ്പമെത്തിച്ചു. തുടർന്ന് കളം നിറഞ്ഞുകളിച്ച ബ്രസീൽ താരം ഫെർണാണ്ടീഞ്ഞോയുടെ ഹാട്രിക് ഗോളുകളിലൂടെ ലാറ്റിനമേരിക്കൻ സംഘം 4-1ന്‍റെ വ്യക്തമായ മേൽക്കൈ നേടി.
തോൽവി സമ്മതിക്കാതെ പൊരുതിയ ഇന്ത്യൻ നിരയ്ക്കായി സി.കെ. വിനീത് തന്‍റെ രണ്ടാം ഗോളും, അവസാന മിനിറ്റുകളിൽ അസീം ബിശ്വാസ് മൂന്നാം ഗോളും കണ്ടെത്തിയെങ്കിലും വിജയം ബ്രസീലിനൊപ്പം നിന്നു. റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ ലോക ഫുട്ബോളിലെ വമ്പന്മാരും, ഐ.എം. വിജയൻ, ബൈചുങ് ബൂട്ടിയ, ജോ പോൾ അഞ്ചേരി തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളും നേർക്കുനേർ അണിനിരന്ന മത്സരം സ്റ്റേഡിയത്തിലെത്തിയ ആയിരക്കണക്കിന് ആരാധകർക്ക് അവിസ്മരണീയമായ അനുഭവമായി മാറി.
