രഹ്‌നേഷുമായി കരാര്‍ പുതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജെംഷഡ്‌പൂര്‍ എഫ്‌സി പരിശീലകന്‍ വ്യക്തമാക്കി
ജംഷഡ്‌പൂര്‍: ഐഎസ്എല്ലില്‍ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയില്‍ തുടരും. മൂന്ന് വര്‍ഷത്തേക്ക് കൂടി 28കാരനായ രഹ്‌നേഷിന്‍റെ കരാര്‍ ജംഷഡ്‌പൂര്‍ നീട്ടി. ഇതോടെ 2024 മെയ് വരെ രഹ്‌നേഷിനെ ജംഷഡ്‌പൂര്‍ കുപ്പായത്തില്‍ കാണാം.
ജംഷഡ്‌പൂരില്‍ തുടരാനാകുന്നതിന്‍റെ സന്തോഷം രഹ്‌നേഷ് പങ്കുവച്ചു. 'ജംഷഡ്‌പൂരിനൊപ്പം മികച്ച സീസണായിരുന്നു. പരിശീലകരില്‍ നിന്നും സ്‌ക്വാഡില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരെ വ്യക്തിപരമായി കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ എന്നോടും ക്ലബിനോടും കാണിക്കുന്ന സ്‌നേഹം പ്രകടനം മെച്ചപ്പെടുത്താനും മത്സരങ്ങള്‍ ജയിക്കാനും പ്രചോദനമാകുന്നു. ജംഷഡ്പൂരില്‍ തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ക്ലബിനായി ട്രോഫികള്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'യെന്നും രഹ്‌നേഷ് പറഞ്ഞു.
രഹ്‌നേഷുമായി കരാര്‍ പുതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ജെംഷഡ്‌പൂര്‍ എഫ്‌സി പരിശീലകന്‍ വ്യക്തമാക്കി. 'നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാളാണ് രഹ്‌നേഷ് എന്നതില്‍ സംശയമില്ല. മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. അടുത്ത സീസണിലും മികച്ച പ്രകടനം തുടരുമെന്നും പ്ലേ ഓഫില്‍ ടീമിനെ എത്തിക്കും എന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ജെംഷഡ്‌പൂരില്‍ നിര്‍ണായക ചുമതലയാണ് താരത്തിനുള്ളത്' എന്നും ഓവന്‍ കോയില്‍ കൂട്ടിച്ചേര്‍ത്തു.
ഐഎസ്എല്ലില്‍ 2020-21 സീസണില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് ടി പി രഹ്‌നേഷ്. 19 മത്സരങ്ങളില്‍ 54 സേവുകള്‍ നടത്തിയപ്പോള്‍ ഒന്‍പത് ക്ലീന്‍ ഷീറ്റ്‌സുണ്ടായിരുന്നു. പിന്നാലെ സീസണിലെ മികച്ച താരത്തിനുള്ള ആരാധക പുരസ്‌കാരം രഹ്‌നേഷിനെ തേടിയെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
