കോഴിക്കോട്: ഐ ലീഗ് ടീമായ  ഗോകുലം കേരള എഫ് സിയുടെ പുതിയ പരിശീലകനായി വിൻസെൻസോ ആൽബർട്ടോ അന്നിസയെ നിയമിച്ചു. ഇറ്റലിയിൽ നിന്നുള്ള വിൻസെൻസോ ആൽബർട്ടോ അന്നിസ കരീബീയൻ രാജ്യമായ ബെലീസേയുടെ സീനിയർ ടീം പരിശീലകനായിരുന്നു. ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ  രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയർ ടീം  പരിശീലകനായി മുപ്പത്തിയഞ്ചുകാരനായ  വിൻസെൻസോ ആൽബർട്ടോ അന്നിസ സേവനം അനുഷ്ഠിച്ചുട്ടുണ്ട്. അർമീനിയൻ അണ്ടർ 19 ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

പരിശീലകനാവുന്നതിന് മുമ്പ്  ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ വെനെസിയ എഫ് സി യുടെ മധ്യനിര താരമായിരുന്നു വിൻസെൻസോ. ലാത്വിയ, എസ്റ്റോണിയ, ഘാന, അർമേനിയ, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു സീസണുകളില്‍ ഗോകുലത്തെ പരിശീലിപ്പിച്ച സാന്റിയാഗോ വരേല കഴിഞ്ഞ ദിവസം ക്ലബ് വിട്ടതിനെത്തുടര്‍ന്നാണ് ഗോകുലം പുതിയ പരിശീലകനെ നിയമിച്ചത്. 2017-18 സീസണില്‍ ആദ്യമായി ഗോകുലത്തിലെത്തിയ വരേല കേരള പ്രീമിയര്‍ ലീഗില്‍ ക്ലബിനെ ചാംപ്യന്മാരാക്കിയിരുന്നു.

എന്നാല്‍ ഇടയ്ക്ക് ക്ലബ് വിട്ട വരേല വീണ്ടും ക്ലബില്‍ പരിശീലകനായെത്തി. ഡ്യൂറന്റ് കപ്പ് നേട്ടത്തോടെയാണ് അദ്ദേഹം രണ്ടാം വരവ് ആഘോഷമാക്കിയത്. ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ കപ്പില്‍ ഗോകുലത്തെ ഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ ഐ ലീഗില്‍ അതേ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം പരിശീലിപ്പിച്ച ടീമിനായില്ല. മാത്രമല്ല ഐ ലീഗ് പകുതിക്ക് വെക്കും നിര്‍ത്തിവെക്കേണ്ടിയും വന്നു.