ഇപ്പോള്‍ മറ്റൊരു ടൂര്‍ണമെന്റില്‍ കിരീടത്തിനടുത്തെത്തിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം. ഐ ലീഗ് (I league) ഒന്നാം സ്ഥാനക്കാരായ ഗോകുലം കേരളയാണ് (Gokulam Kerala) കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്.
കൊല്‍ക്കത്ത: കേരളം സന്തോഷ് ട്രോഫി കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏറെ കാലങ്ങള്‍ക്ക് ശേഷം കേരളത്തിലേക്കുന്ന പ്രധാന കിരീടമാണിത്. അതുകൊണ്ടുതന്നെ ആവേശത്തിനും ആഘോഷങ്ങള്‍ക്കും തെല്ലും കുറവില്ല. ഐഎസ്എല്ലില്‍ കിരീടനടുത്ത് വരെയെത്തി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). ഫൈനലിലെത്തിയെങ്കിലും ഹൈദരാബാദ് എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു.
ഇപ്പോള്‍ മറ്റൊരു ടൂര്‍ണമെന്റില്‍ കിരീടത്തിനടുത്തെത്തിയിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീം. ഐ ലീഗ് (I league) ഒന്നാം സ്ഥാനക്കാരായ ഗോകുലം കേരളയാണ് (Gokulam Kerala) കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്. ശ്രീനിധി ഡക്കാന്‍ എഫ് സിക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ ഗോകുലം ഐ ലീഗ് കിരീടം നിലനിര്‍ത്തും. കൊല്‍ക്കത്തയില്‍ രാത്രി എട്ടിനാണ് മത്സരം. ഗോകുലം കേരളയ്ക്കും ഐ ലീഗ് കിരീടത്തിനും ഇടയില്‍ ഒറ്റപ്പോയിന്റിന്റെ ദൂരം മാത്രം.
തോല്‍വി അറിയാതെ കുതിക്കുന്ന നിലവിലെ ചാംപ്യന്‍മാര്‍ 40 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ട് കളി ബാക്കിയുണ്ടെങ്കിലും ശ്രീനിധിക്കെതിരെ ജയത്തോടെ കിരീടത്തിലെത്തുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഗോകുലം ജയിച്ചിരുന്നു. ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദും ഗോള്‍വേട്ടക്കാരന്‍ ലൂക്ക മെയ്സനും പരിക്ക് മാറി തിരിച്ചെത്തുന്നത് ഗോകുലത്തിന് കരുത്താവും.
16 കളിയില്‍ 41 ഗോള്‍ നേടിയ ഗോകുലം വഴങ്ങിയത് 11 ഗോള്‍. കഴിഞ്ഞ വര്‍ഷം ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ തോറ്റതിന് ശേഷം ഐ ലീഗില്‍ ആരും ഗോകുലത്തെ കീഴടക്കിയിട്ടില്ല. ഇതുകൊണ്ടുതന്നെ ഒറ്റത്തോല്‍വി നേരിടാതെ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. മുപ്പത്തിനാല് പോയിന്റുള്ള മുഹമ്മന്‍ സ്‌പോര്‍ട്ടിംഗാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. സീസണില്‍ ഗോകുലത്തിന്റെ അവസാന ഏതിരാളികളും മുഹമ്മദന്‍സാണ്.
