സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തിയതിന് തൊട്ടുപിന്നാലെ വംഗനാട്ടിലെ കരുത്തര്‍ക്കെതിരെ കേരളത്തിന് മറ്റൊരു കലാശപ്പോരാട്ടം.
കൊല്‍ക്കത്ത: ഐ ലീഗ് (I league) ഫുട്‌ബോള്‍ കിരീടം ഉറപ്പിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങും. സീസണിലെ അവസാന മത്സരത്തില്‍, മുഹമ്മദന്‍സിനെതിരെ സമനില നേടിയാല്‍ ഗോകുലം ജേതാക്കളാകും. കൊല്‍ക്കത്തയില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ഐ ലീഗ് കിരീടത്തിനും ഗോകുലം കേരളയ്ക്കും (Gokulam Kerala FC) ഇടയില്‍ ഒരു പോയിന്റിന്റെ അകലം മാത്രം.
സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തിയതിന് തൊട്ടുപിന്നാലെ വംഗനാട്ടിലെ കരുത്തര്‍ക്കെതിരെ കേരളത്തിന് മറ്റൊരു കലാശപ്പോരാട്ടം. സോള്‍ട്ട് ലേക്ക് സറ്റേഡിയത്തിഷ കിക്കോഫ് ആകുമ്പോള്‍ ഗോകുലത്തിന് 40 പോയിന്റ്. കൊല്‍ക്കത്തന്‍ ക്ലബ്ബ് മുഹമ്മദന്‍സിന് 37ഉം.
ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബാകാന്‍ ഗോകുലത്തിന് വേണ്ടത് സമനില മാത്രം. എന്നാല്‍ മുഹമ്മദന്‍സിനാണ് ജയമെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ മേല്‍ക്കൈയിലൂടെ കിരീടം കൊല്‍ക്കത്തയിലേക്ക് പോകും.
തോല്‍വിയറിയാതെ 21 മത്സരങ്ങള്‍ക്കുശേഷം ശ്രീനിധി ഡെക്കാന് മുന്നില്‍ അപ്രതീക്ഷിതമായി വീണത് ഗോകുലത്തിന് ആഘാതമായി. ചുവപ്പുകാര്‍ഡിലൂടെ പുറത്തായ നായകന്‍ ഷരീഫ് മുഹമ്മദും ജിതിന്‍ എംഎസും ഇല്ലെങ്കിലും ജയം തന്നെ ലക്ഷ്യമിടുന്നു ഗോകുലം പരിശീലകന്‍.
ഗോകുലം മുന്‍താരം മാര്‍ക്കസ് ജോസഫ് നയിക്കുന്ന മുഹമ്മദന്‍സ് മുന്നേറ്റത്തെ തടയുകയാകും കേരള ടീമിന്റെ വെല്ലുവിളി. ആദ്യപാദത്തിലെ സമനിലയുടെ ആവര്‍ത്തനമായാലും കേരളത്തിന് നേട്ടം.
