Asianet News MalayalamAsianet News Malayalam

ഫിഫ വിലക്ക്; ഗോകുലം കേരള വനിതാ ടീ ഉസ്ബെക്കിസ്ഥാനില്‍ കുടുങ്ങി, പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

ഗോകുലത്തിന്‍റെ വനിതാ ടീം അംഗങ്ങള്‍ താഷ്കന്‍റില്‍ കുടുങ്ങിയെന്നും ഫെഡറേഷനെതിരെയുള്ള ഫിഫ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും എന്നാല്‍ മാത്രമെ ടീമിന് എഎഫ്‌സി കപ്പില്‍ മത്സരിക്കാനാവു എന്നും വ്യക്തമാക്കി ഗോകുലം കേരളം ട്വിറ്ററില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Gokulam Kerala FC womens team stranded in Uzbekistan after FIFA ban
Author
Delhi, First Published Aug 17, 2022, 5:20 PM IST

താഷ്കന്‍റ്: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതോടെ എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനായി ഉസ്ബെക്കിസ്ഥാനിലെത്തിയ ഗോകുലം കേരളയുടെ വനിതാ ടീം അംഗങ്ങള്‍ താഷ്കന്‍റില്‍ കുടുങ്ങി. ടീം അംഗങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി താഷ്കെന്‍റില്‍ എത്തിയശേഷമാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയ വിവരം അറിയുന്നത്. ഇതോടെ ഗോകുലത്തിന് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാവില്ലെന്ന് സംഘാടകര്‍ നിലപാടെടുത്തു. ഇതോടെയാണ് വനിതാ ടീം അംഗങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായത്.

ഗോകുലത്തിന്‍റെ വനിതാ ടീം അംഗങ്ങള്‍ താഷ്കന്‍റില്‍ കുടുങ്ങിയെന്നും ഫെഡറേഷനെതിരെയുള്ള ഫിഫ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും എന്നാല്‍ മാത്രമെ ടീമിന് എഎഫ്‌സി കപ്പില്‍ മത്സരിക്കാനാവു എന്നും വ്യക്തമാക്കി ഗോകുലം കേരളം ട്വിറ്ററില്‍ പ്രസ്താവന ഇറക്കി. 16ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്ന് ഗോകുലം വനിതാ ടീം ഉസ്ബെക്കിസ്ഥാനിലെത്തിയത്. താഷ്കെന്‍റില്‍ എത്തിയശേഷമാണ് മാധ്യമങ്ങളിലൂടെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയ വാര്‍ത്ത അറിയുന്നത്.

ഫിഫ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു ക്ലബ്ബിനും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട അധികൃതരോടും ഫിഫ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുകയാണ്. ഇതുവഴി ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബ്ബിന് എഎഫ്‌സി കപ്പില്‍ മത്സരിക്കാനും അവസരം ലഭിക്കും.

ഇന്ത്യയെ ലോകത്തിലെ വന്‍ശക്തിയാക്കണമെന്നും ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമാക്കക്കണമെന്നതും നമ്മുടെ പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. വനിതാ ഫുട്ബോളിന് രാജ്യത്ത് സ്വാധീനമുണ്ടാക്കിയ ചാമ്പ്യന്‍ ക്ലബ്ബാണ് ഗോകുലം. ഇത്തരം അപ്രതീക്ഷിത വിലക്കുകള്‍ നമ്മുടെ രാജ്യത്തെ ലോകത്തെ ഒന്നാം നമ്പറാക്കുന്നതിലും ഇന്ത്യയെ വനിതാ ഫുട്ബോളിലെ ഏഷ്യയിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. അതുകൊണ്ട് പ്രധാനമന്ത്രി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് ഗോകുലം കേരള പ്രസ്താവനയില്‍ പറഞ്ഞു.

എഎഫ്‌സി എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗോകുലത്തിന്‍റെ 23 അംഗ വനിതാ ടീമാണ് താഷ്കെന്‍റിലുള്ളത്. 26ന് ഇറാനിയന്‍ ക്ലബ്ബ് ബാം ഖാടൂണ്‍ എഫ്‌സിയെ ആയിരുന്നു ഗോകുലം നേരിടേണ്ടിയിരുന്നത്.

Follow Us:
Download App:
  • android
  • ios