ധാക്ക:  ബംഗ്ലാദേശ് ലീഗ് ചാംപ്യന്മാരായ ബഷുന്ധര കിംഗ്‌സിനെതിരെ അട്ടിമറിച്ച് ഗോകുലം കേരള എഫ്‌സി ഷെയ്ക് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പില്‍ അരങ്ങേറി. ബംഗ്ലാദേശില്‍ നടക്കുന്ന ടൂര്‍ണമെന്‍ില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം. ഹെന്റി കിസേക്കയുടെ ഇരട്ട ഗോളുകളും നതാനിയേല്‍ ഗാര്‍സിയയുടെ ഗോളുമാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. മോടിന്‍ മിയയുടെ വകയായിരുന്നു ബഷുന്ധര കിംഗ്‌സിന്റെ ഏക ഗോള്‍. 

ക്യാപ്റ്റന്‍ മാര്‍കസ് ഇല്ലാതെയാണ് ഗോകുലം ഇറങ്ങിയത്. എന്നാല്‍ ഗോകുലം താരങ്ങള്‍ ഗോള്‍ നേടുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. 24ാം മിനിറ്റിലായിരുന്നു കിസേക്കയുടെ ഗോള്‍. 30 മിനിറ്റില്‍ ഗാര്‍സിയയുടെ ഫ്രീകിക്ക് ഗോള്‍ ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. 46ാം മിനിറ്റില്‍ ഗോകുലം ലീഡ് മൂന്നാക്കി. ആതിഥേയ ക്ലബ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും  മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. 24ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഗോകുലം  മലേഷ്യന്‍ ക്ലബ് ടെരെങ്കാനു എഫ് സിയെ നേരിടും.