കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ജയത്തോടെ തുടക്കം. മണിപ്പൂരില്‍ നിന്നുള്ള നെറോക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോകുലം തോല്‍പ്പിച്ചത്. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹെന്റി കിസേക്ക, മാര്‍കസ് ജോസഫ് എന്നിവരാണ് ഗോകുലത്തിന്റെ ഗോള്‍ നേടിയത്. തരിക് സാംപ്‌സണിന്റെ വകയായിരുന്നു നെറോക്കയുടെ ആശ്വാസ ഗോള്‍.

43ാം മിനിറ്റില്‍ കിസേക്കയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. ബോക്‌സിന് പുറത്ത് നിന്ന് കിസേക്ക തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് കോര്‍ണറില്‍ പതിച്ചു. രണ്ടാം പകുതി ആരംഭിച്ച നാല് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. ബോക്‌സില്‍ നിന്ന് ക്യാപ്റ്റന്‍ മാര്‍കസ് ജോസഫ് നിറയൊഴിച്ചപ്പോള്‍ സ്‌കോര്‍ നില രണ്ടായി ഉയര്‍ന്നു. സെബാസ്റ്റിയന്‍ താങ്മുവാന്‍സാങ്ങാണ് ഗോളിന് വഴിയൊരുക്കിയത്. 

മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം അവശേശിക്കെ നെറോക്ക ഒരു ഗോള്‍ മടക്കി. സാംപ്‌സണിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ഗോള്‍ കീപ്പറെ കീഴടക്കി. ഐ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍, മോഹന്‍ ബഗാനുമായി സമനിലയില്‍ പിരിഞ്ഞു.