Asianet News MalayalamAsianet News Malayalam

ഡ്യൂറന്റ് കപ്പ്: ഗോകുലം കേരള ഇന്ന് ആദ്യ മത്സരത്തിന്; ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ അരങ്ങേറി

4-1 ന്റെ ആധികാരിക വിജയം നേടിയ ആര്‍മി, എഫ്‌സി ഗോകുലത്തിനേയും തളക്കാമെന്ന കണക്ക് കൂട്ടലിലാണ്. കരുത്തരായ ഹൈദരബാദ് എഫ്‌സി കൂടി ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഡി.

Gokulam Kerala takes Army Red FC today Durand Cup
Author
Kolkata, First Published Sep 12, 2021, 10:56 AM IST

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളക്ക് ഇന്ന് ആദ്യ മത്സരം. കൊല്‍ക്കൊത്തയില്‍ ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന മത്സരത്തില്‍ ആര്‍മി റെഡ് എഫ് സിയാണ് ഗോകുലത്തിന്റെ എതിരാളി. ഗ്രൂപ്പ് ഡി യിലെ ആദ്യ കളിയില്‍ അസം റൈഫിള്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍മി റെഡ്. 

4-1 ന്റെ ആധികാരിക വിജയം നേടിയ ആര്‍മി, എഫ്‌സി ഗോകുലത്തിനേയും തളക്കാമെന്ന കണക്ക് കൂട്ടലിലാണ്. കരുത്തരായ ഹൈദരബാദ് എഫ്‌സി കൂടി ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഡി. എന്നാല്‍ ഗോകുലത്തിന്റെ കരുത്തില്‍ പരിശീലകന്‍ ആല്‍ബര്‍ട്ടോ അന്നീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരേയും നേരിടാന്‍ കരുത്തരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ''കരുത്തുറ്റ ടീമുമായാണ് ഇത്തണയും ഡ്യൂറന്റ് കപ്പില്‍ ഗോകുലം കളത്തില്‍ ഇറങ്ങുന്നത്. പുതുമുഖങ്ങളായി എത്തിയ വിദേശ താരങ്ങള്‍, പരിചയ സമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ എന്നിവരുടെ സാന്നിധ്യം ടീമിന്റെ ശക്തിയാണ്. 

വിദേശ താരം അമിനോ ബൗബാ. മുഹമ്മദ് ജാസിം, ദീപക് സിംഗ് തുടങ്ങിയവരിലാണ് പ്രതിരോധ നിരയുടെ ചുക്കാന്‍. മലയാളി താരം എമില്‍ ബെന്നി, ക്യാപ്റ്റന്‍ ഷരീഫ് എന്നിവര്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കും. മികച്ച സ് ടെക്കര്‍മാരായ എല്‍വിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിന്‍ എം എസ് എന്നിവര്‍ കൂടി ചേരുമ്പോള്‍ ഗോകുലം ആരേയും നേരിടാന്‍ കരുത്തരാണ്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ അരങ്ങേറിയിരുന്നു. മറുപടിയില്ലാത്ത തരു ഗോളിന് ഇന്ത്യന്‍ നേവിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. രണ്ടാം പകുതിയില്‍ ഉറുഗ്വേ താരമായ അഡ്രിയാന്‍ ലൂണയാണ് പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ്, ബുധനാഴ്ച ബെംഗളുരു എഫ്‌സിയെ നേരിടും.

Follow Us:
Download App:
  • android
  • ios