ചാംപ്യന്‍സ് ലീഗില്‍ അവിശ്വസനീയ പ്രകടനം നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസകൊണ്ട് മൂടുകയാണ് ഫുട്‌ബോള്‍ ലോകം. ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന എക്കാലത്തേയും മികച്ച പ്രതിഭ എന്നാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ റൊണാള്‍ഡോയെ വിശേഷിപ്പിച്ചത്.

ടൂറിന്‍: ചാംപ്യന്‍സ് ലീഗില്‍ അവിശ്വസനീയ പ്രകടനം നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസകൊണ്ട് മൂടുകയാണ് ഫുട്‌ബോള്‍ ലോകം. ഒറ്റയ്ക്ക് കളി മാറ്റിമറിക്കുന്ന എക്കാലത്തേയും മികച്ച പ്രതിഭ എന്നാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ റൊണാള്‍ഡോയെ വിശേഷിപ്പിച്ചത്. യുവന്റസ് ആരാധകര്‍പോലും ഒരുപക്ഷേ ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യപാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ടുഗോള്‍ വഴങ്ങിയ യുവന്റസ് ക്വാര്‍ട്ടറില്‍ എത്തണമെങ്കില്‍ അത്യപൂര്‍വമായൊരു തിരിച്ചുവരവ് വേണ്ടിയിരുന്നു. അതാണ് രണ്ടാം പാദത്തില്‍ ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തില്‍ കണ്ടത്.

രണ്ടുഗോള്‍ ലീഡുണ്ടായിട്ടും അത്‌ലറ്റിക്കോ മാഡ്രിഡ് റൊണാള്‍ഡോയെ മാത്രമായിരുന്നു. കാരണം 2014, 2016 ഫൈനലുകളിലും 2015ല്‍ ക്വാര്‍ട്ടറിലും 2017ല്‍ സെമിയിലും അത്‌ലറ്റിക്കോയ്ക്ക് അടിതെറ്റിയത് റൊണാള്‍ഡോയുടെ ഗോളടി മികവിന് മുന്നിലായിരുന്നു. റയല്‍ മാഡ്രിഡിന് വേണ്ടി പുറത്തെടുത്ത അതേ മികവ് ടൂറിനിലും ആവര്‍ത്തിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം. ചാംപ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ എട്ടാം ഹാട്രിക്.

ഇതോടെ യൂറോപ്യന്‍ പോരില്‍ ക്രിസ്റ്റ്യാനോയുടെ ഗോളുകളുടെ എണ്ണം 124ആയി. എക്കാലത്തേയും മികച്ച വിജയശില്‍പി എന്നായിരുന്നു മത്സരശേഷം എതിരാളിയായ ഗ്രീസ്മാന്റെ പ്രതികരണം. ചാംപ്യന്‍സ് ലീഗിന്റെ രാജാവ് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റൊണാള്‍ഡോയെ വിശേഷിപ്പിച്ചത്. 

ഈ സീസണില്‍ നൂറ് ദശലക്ഷം യൂറോയ്ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്. റൊണാള്‍ഡോയുടെ കരുത്തില്‍ ഹാട്രിക് കിരീടം നേടിയ റയല്‍ ഇത്തവണ ക്വാര്‍ട്ടറില്‍ എത്താതെ പുറത്തായി.