ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു, ഫിഫ ലോകകപ്പ് യോഗ്യതയെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു. 

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനത്തെക്കുറിച്ചുള്ള പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു. ലോകകപ്പ് യോഗ്യതയെക്കുറിച്ച് മാത്രം സംസാരിക്കുന്നതിന് പകരം, ഏഷ്യന്‍ ഫുട്‌ബോളിലെ പ്രധാന വേദിയായ എഎഫ്സി ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്... ''ലോകകപ്പില്‍ നമ്മള്‍ എന്തുകൊണ്ട് കളിക്കുന്നില്ല എന്നതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് നല്ലതാണ്, അത് ആവശ്യവുമാണ്. എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, നമ്മള്‍ ഏഷ്യന്‍ കപ്പില്‍ ഇല്ലാത്തതുകൊണ്ടാണ് ലോകകപ്പില്‍ എത്താത്തത് എന്നാണ്. ലോകകപ്പിലേക്ക് എത്തണമെങ്കില്‍ ആദ്യം ഏഷ്യന്‍ കപ്പില്‍ സ്ഥിരമായി കളിക്കുന്നവരും, അവിടെ നോക്കൗട്ട് ഘട്ടങ്ങളില്‍ എത്തുന്നവരുമായി മാറണം. അതൊരു ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ്.'' ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് പ്രകടനം അത്ര മികച്ചതല്ല. ഇതുവരെ അഞ്ച് തവണ മാത്രമാണ് ഇന്ത്യ യോഗ്യത നേടിയിട്ടുള്ളത്. 1964 ഇന്ത്യ റണ്ണറപ്പായ വര്‍ഷം. നാല് ടീമുകള്‍ മാത്രം പങ്കെടുത്ത ടൂര്‍ണമെന്റിലായിരുന്നു ഈ നേട്ടം. ഈ നേട്ടത്തിന് ശേഷം വലിയൊരു ഇടവേളയായിരുന്നു. 2011-ലാണ് ഇന്ത്യ പിന്നീട് തിരിച്ചെത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2019ല്‍ തായ്ലന്‍ഡിനെതിരെ 4-1 ന് വിജയിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും, യുഎഇയോടും ബഹ്റൈനോടും തോറ്റ് വീണ്ടും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.

2023ല്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പ്രധാന ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാന്‍, സിറിയ എന്നിവരോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ചുരുക്കത്തില്‍, ലോകകപ്പിലെത്താനുള്ള കുറുക്കുവഴികളല്ല, മറിച്ച് ഏഷ്യന്‍ തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്നോട്ട് പോകാന്‍ ചെയ്യേണ്ടതെന്ന് സന്ധുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

YouTube video player