മാഡ്രിഡ്: ചെൽസിയുടെ ബെൽജിയം സൂപ്പര്‍ താരം ഏഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്കെന്ന് റിപ്പോർട്ട്. ദിവസങ്ങൾക്കകം ഹസാർഡുമായി റയല്‍ കരാറിൽ എത്തുമെന്നാണ് സൂചന. റയൽ കോച്ച് സിനദിൻ സിദാൻ ടീമിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരമാണ് ഹസാർഡ്.

സിദാന് കീഴിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഹസാർഡും വ്യക്തമാക്കിയിരുന്നു. ഹസാർഡ് കഴിഞ്ഞമാസം റയലുമായി കരാറിൽ എത്തിയെന്നും, മാഡ്രിഡിൽ താമസിക്കാൻ വീട് തിരയുകയാണെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡോ, ചെൽസിയോ, ഹസാർഡിന്‍റെ മാറ്റത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അടുത്തവർഷം വരെയാണ് നിലവിൽ ഹസാർഡിന് ചെൽസിയുമായുള്ള കരാർ. കരാര്‍ പുതുക്കാന്‍ മൂന്നു തവണയും ഹസാര്‍ഡ് വിസമ്മതിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോൾ പോഗ്ബ, ലിവർപൂളിന്‍റെ സാദിയോ മാനെ എന്നിവരെയും റയലിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദാൻ.