സിഡ്‌നി: ലിംഗസമത്വം ഉറപ്പാക്കുന്ന ചരിത്രപ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഓസ്‌ട്രേലിയയുടെ പുരുഷ വനിതാ ദേശീയ ടീമംഗങ്ങള്‍ക്ക് ഇനിമുതല്‍ തുല്യവേതനം നല്‍കും. ഫെഡറേഷന്റെ ലാഭവിഹിതവും കളിക്കാര്‍ക്ക് തുല്യമായി പങ്കുവയ്ക്കുമെന്നും എഫ് എഫ് എ അറിയിച്ചു. 

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വനിതാടീമിന്റെ ചരിത്രപരമായ നേട്ടം. ഫുട്‌ബോള്‍ ലോകകപ്പില്‍ പുരുഷ വനിത ടീമുകള്‍ക്ക് തുല്യപ്രതിഫലം നല്‍കണമെന്ന് ഫിഫയോട് ഓസ്‌ട്രേലിയന്‍ വനിതാ ടീം ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ പുരുഷ ടീമിനേക്കാള്‍ മികച്ച പ്രകടനമാണ് വനിതകളുടേത്. ഓരോ മത്സരത്തിനും സ്‌റ്റേഡിയം നിറയാറുമുണ്ട്. 

വിവേചനപരമായ കരാര്‍വ്യവസ്ഥകള്‍ക്കെതിരെ അമേരിക്കന്‍ വനിതാ ടീം നടത്തുന്ന പോരാട്ടം ലോകശ്രദ്ധയിലെത്തിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ വനിതകളുടെ ജയം. നേരത്തെ, നോര്‍വെ, ന്യൂസിലന്‍ഡ് എന്നീ ടീമുകളും പുരുഷ- വനിത താരങ്ങള്‍ തുല്യ വേതനം നടപ്പാക്കിയിരുന്നു.