കോഴിക്കോട്: പുനർനിർമ്മാണം കഴിഞ്ഞ അതേ ദിവസം തന്നെ  വീട് കാറ്റിലും മഴയിലും തകർന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി തരിച്ചിരിക്കുകയാണ് കോഴിക്കോട് നടുവണ്ണൂർ കാവിലിലെ അനോവ്. ഫുട്ബോൾ മൽസരങ്ങളിൽ റഫറിയായി കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കൊവിഡ് 19 കാരണം ഇത്തവണ ഫുട്ബോൾ സീസണും നഷ്ടപ്പെട്ടു. ഇതിന് പിന്നാലെയാണ് കാറ്റിലും മഴയിലും വീട് തകര്‍ന്നത്.

കഴിഞ്ഞ രണ്ടു മഴക്കാലത്തും കേടുപാട് പറ്റിയ പഴയ വീട് കടം വാങ്ങിയും നാട്ടുകാരുടെ സഹായത്തോടെയും  മേൽക്കൂര മാറ്റി പുതുക്കിയ അതേ ദിവസം തന്നെയാണ് മഴയും കാറ്റുമെത്തിയത്. ശബ്ദം കേട്ട് ആറുവയസ്സുകാരൻ മകനെയുമെടുത്ത്  പുറത്തെക്കോടുകയായിരന്നു അനോവ്.  കാറ്റും മഴയും ജീവനെടുത്തില്ലെങ്കിലും ജീവിതം പെരുവഴിയിലായി.

സഹോദരങ്ങൾക്ക്കൂടി അവകാശപ്പെട്ട  ബാങ്കില്‍ കടക്കെണിയുള്ള വീടാണ് കാറ്റിലും മഴയിലും തകര്‍ന്നത്. മൂന്ന് വർഷമമായി ബന്ധുവിടുകളിലും മറ്റും താമസിക്കുകയാരിന്നു. തല ചായ്തക്കാൻ ഒരിടം എന്ന് കരുതിയാണ് പഴയ വീട് പുതുക്കി പണിതത്. ജില്ലാ ഫുട്ബോൾ അസോസിയന്റെ അംഗീകാരമുള്ള റഫറിയാണ്. കാല്‍പ്പന്ത് ഹരമാണ്. പക്ഷെ ഫുട്ബോളും  പെയിന്റിംഗ് പണിയും  മുടങ്ങിയതോടെ കഴിഞ്ഞ നാലുമാസവും കഷ്ടപ്പെട്ടാണ് ജീവിച്ചത്. അതിന് പിന്നാലെയാണ് ആഗ്രഹിച്ച് പുതുക്കി പണിത വീട് ഒറ്റ രാത്രി കൊണ്ട് തകർന്നത്.