മാഞ്ചസ്റ്റര്‍: വര്‍ഗീയ വിദ്വേഷത്തിന് വെളുത്ത വര്‍ഗക്കാരായവര്‍ ക്ഷമാപണം നടത്തണമെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ പെപ് ഗ്വാര്‍ഡിയോള. പ്രീമിയര്‍ ലീഗ് താരങ്ങള്‍ ബ്ലാക്ക് ലൈവ് മാറ്റേഴ്സ് എന്നെഴുതിയ ടി ഷര്‍ട്ടുമായി ഇറങ്ങുമ്പോള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്ക് ക്ഷമാപണം നടത്തണമെന്നാണ് ഗ്വാര്‍ഡിയോള ആവശ്യപ്പെട്ടത്.

കഴിഞ്ഞ 400വര്‍ഷത്തോളം കറുത്ത വര്‍ഗക്കാര്‍ക്കെതിരായ സമീപനത്തില്‍ വെളുത്ത വര്‍ഗക്കാര്‍ മാപ്പുപറയണം.അവരോട് നമ്മള്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ തനിക്ക് നാണക്കേട് തോന്നുന്നുണ്ടെന്നും ഗ്വാര്‍ഡിയോള മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും ഈ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. നിറത്തിലെ വ്യത്യാസം കൊണ്ട് മാത്രം മനുഷ്യരില്‍ വ്യത്യാസമുണ്ടെന്ന് കരുതാന്‍ നമ്മുക്കെങ്ങനെയാണ് സാധിക്കുക.

കളിക്കാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ അണിനിരക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ തെറ്റായ സമീപനത്തേക്കുറിച്ച് ബോധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇത്തരമൊരു പ്രതിഷേധത്തിന് അവസരമൊരുങ്ങിയത് വലിയൊരു ചുവട് വയ്പായും കാണുന്നതായും ഗ്വാര്‍ഡിയോള പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍ കളിക്കാര്‍ വര്‍ഗീയ വിദ്വേഷത്തിനെതിരായ പ്രതിഷേധത്തില്‍ അണി ചേര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം. കൊവിഡ് 19 മഹാമാരി മൂലം മത്സരങ്ങള്‍ നിര്‍ത്തിവച്ച ശേഷം മൂന്നുമാസങ്ങള്‍ക്ക് ശേഷം ആരംഭിച്ച മത്സരത്തിലായിരുന്നു താരങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

താരങ്ങള്‍ ഗ്രൌണ്ടില്‍ മുട്ടുകുത്തി നിന്നാണ് വര്‍ഗീയ വിദ്വേഷത്തിനെതിരായ പ്രതിഷേധത്തില്‍ അണി നിരന്നത്. സ്പെയിനിന്റെ ദേശീയ താരമായിരുന്ന ഗ്വാര്‍ഡിയോള ബാഴ്സയുടെ വിശ്വസ്ത താരവും ഇതിഹാസ പരിശീലകനുമായിരുന്നു. ബാഴ്സയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് പോയ ഗ്വാര്‍ഡിയോള അവിടെ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്.  സിറ്റിയ്ക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തത് ഗ്വാര്‍ഡിയോളയുടെ മികവിലായിരുന്നു.