മുംബൈ: ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് സന്ദേശ് ജിങ്കാന്‍. കളിക്കുന്ന കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കണമെന്നാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ജിങ്കാന്‍ ഫിഫ ഡോട്ട് കോമിനോട് പറഞ്ഞു.


2010ല്‍ കൗമരപ്രായത്തില്‍ ദേശീയ ടീം ക്യാംപില്‍ നിന്ന് പുറത്തായപ്പോള്‍ ഇനി ദേശീയ ടീമിലെത്തുന്നതുവരെ ദേശീയ ഗാനം ആലപിക്കില്ലെന്ന് താന്‍ പ്രതിജ്ഞ എടുത്തിരുന്നുവെന്നും ജിങ്കാന്‍ പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2015 മാര്‍ച്ച് 12ന് ഞാന്‍ ദേശീയ ടീമില്‍ അരങ്ങേറി. അന്നാണ് ഞാന്‍ വീണ്ടും ദേശീയ ഗാനം ആലപിക്കുന്നത്. അത്രയും ഉച്ചത്തില്‍ മുമ്പൊരിക്കലും ഞാന്‍ ദേശീയ ഗാനം ആലപിച്ചിട്ടില്ല. ആ തീയതി ഇപ്പോഴും ഞാനെന്റെ കൈയില്‍ പച്ചകുത്തിയിട്ടുണ്ട്. ഇപ്പോഴും ദേശീയ ടീമിലേക്ക് വിളി വരുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണേ എന്ന്-ജിങ്കാന്‍ പറഞ്ഞു.

ലോകകപ്പ് യോഗ്യത എന്ന സ്വപ്നം


ബൂട്ടഴിക്കുന്നതിന് മുമ്പ് ഇന്ത്യയെ ലോകകപ്പിലെത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും അത് നേടിയെടുക്കണം. ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതെല്ലാം ലോകകപ്പ് യോഗ്യത നേടുന്നതിലേക്കുള്ള ചവിട്ടുപടിയായാണ് കാണുന്നത്. ഏഷ്യന്‍ കപ്പിലെ പ്രകടനവും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ പുറത്തെടുത്ത പ്രകടനവും ഇന്ത്യന്‍ ടീം എത്രമാത്രം മെച്ചപ്പെട്ടു എന്നതിന്റെ തെളിവാണ്.

Also Read: അടുത്ത സീസണില്‍ ജിങ്കാനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സോ..? താരം ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്

സമീപകാലത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുളളത്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ നമ്മള്‍ ഗോള്‍ വഴങ്ങിയില്ല. 13 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ചു. ഖത്തറിനെതിരായ യോഗ്യതാ മത്സരത്തില്‍ അവസാന നിമിഷം വിജയഗോള്‍ നേടാനാവുമെന്നും അതുവഴി ഫുട്ബോളില്‍ നമ്മള്‍ എത്രമാത്രം മുന്നേറിയെന്ന് തെളിയിക്കാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ടീം എന്ന സ്വപ്നം


ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളെല്ലാം ചെറുപ്പം മുതലേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും റയല്‍ മാഡ്രിഡിനും കളിക്കുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ കുട്ടിക്കാലം മുതലേ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതാണ് സ്വപ്നം കണ്ടിരുന്നതെന്നും ജിങ്കാന്‍ പറഞ്ഞു. 14-15 വയസുള്ളപ്പോള്‍ ദേശീയ ടീമിന്റെ കളി കാണുമ്പോഴേ ഇന്ത്യ ഏത് ഫോര്‍മേഷനില്‍ കളിക്കണം എങ്ങനെ കളിക്കണം എന്നൊക്കെ താന്‍ കൂട്ടുകാരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും ജിങ്കാന്‍ വ്യക്തമാക്കി.