ഇംഫാല്‍: ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനും, മിനര്‍വ്വയ്ക്കും ജയം. ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ 4 ഗോളിന് നെരോക്ക എഫ്‌സിയെ തകര്‍ത്തു. ഈസ്റ്റ് ബംഗാളിനായി ജെയ്മെ സാന്‍റോസ് രണ്ടും യുവാന്‍ ഗോൺസാലെസ്, മാര്‍കോസ് ജിമെനെസ് എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി.

സീസണില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ജയമാണിത്. ജയത്തോടെ 3 കളിയിൽ 5 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മിനര്‍വ്വ ഒന്നിനെതിരെ  മൂന്ന് ഗോളിന്, നിലവിലെ ജേതാക്കളായ ചെന്നൈ സിറ്റിയെ ആണ് മറികടന്നത്. അവസാന 13 മിനിറ്റിനിടെയാണ് കളിയിലെ നാലു ഗോളും വന്നത്. ദിപാന്‍ഡ, തോയിബ സിംഗ്, സെര്‍ജിയോ ഡ സിൽവ ജൂനിയര്‍ എന്നിവര്‍ മിനര്‍വ്വയ്ക്കായി ലക്ഷ്യം കണ്ടു.

പെഡ്രോ മാന്‍സിയാണ് ചെന്നൈ സിറ്റിയുടെ ഗോള്‍ നേടിയത്. മിനര്‍വ്വയ്ക്ക നാലും ചെന്നൈക്ക് മൂന്നും പോയിന്റ് വീതമുണ്ട്. കളിച്ച രണ്ടിലും വിജയം നേടി ആറു പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആറ് പോയന്റുള്ള ഗോകുലം എഫ്‌സി ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.