ഐസ്‌വാള്‍: ഐ ലീഗ് സീസണിലെ ആദ്യ പോരാട്ടത്തില്‍ മോഹന്‍ ബഗാനും ഐസ്‌വാള്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഫിനിഷിംഗിലെ പോരായ്മമൂലം നിരവധി അവസരങ്ങള്‍ പാഴാക്കിയ മുന്‍ ചാമ്പ്യന്‍മാരായ ബഗാന്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു.

വി പി സുഹൈറിനെ ഏക സ്ട്രൈക്കറാക്കിയാണ് ബഗാന്‍ ഇറങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ബഗാന് ഗോളിലേക്കുള്ള സുവര്‍ണാവസരം ലഭിച്ചു. സുഹൈറിന്റെ ത്രൂ പാസില്‍ നിന്ന് ജൂലിയന്‍ കോളിനാസ് ലക്ഷ്യം വെച്ചെങ്കിലും തലനാരിഴയ്ക്ക് പുറത്തുപോയി. എട്ടാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സുഹൈറും നഷ്ടമാക്കി.

മത്സരം അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഐസ്‌വാള്‍ പതുകെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇടവേളക്ക് തൊട്ടുമുമ്പ് ലഭിച്ച അവസരങ്ങള്‍ ഐസ്‌വാളിന്റെ വില്യം ലാല്‍നുഫേല നഷ്ടമാക്കി. രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ച് ബഗാന്‍ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു.