കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്‌ക്ക് ഇന്ന് എവേ മത്സരം. മോഹന്‍ ബഗാനെതിരായ പോരാട്ടം വൈകിട്ട് അഞ്ചിന് കൊൽക്കത്തയിൽ തുടങ്ങും. രണ്ട് കളിയും ജയിച്ച ഗോകുലത്തിന് ആറ് പോയിന്‍റുണ്ട്. മൂന്ന് കളിയിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും സ്വന്തം പേരിലുള്ള മോഹന്‍ ബഗാന് നാല് പോയിന്‍റാണുള്ളത്. കഴിഞ്ഞ അഞ്ച് മത്സരത്തിലും ഗോകുലത്തെ തോൽപ്പിക്കാന്‍ ബഗാന് കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം തോല്‍പിച്ചിരുന്നു. ആരോസിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനിയില്‍ നടന്ന മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനിറ്റിലായിരുന്നു കിസേക്കയുടെ ഗോള്‍.