കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ സീസണിന് ഇന്ന് കിക്കോഫ്. കൊല്‍ക്കത്തയില്‍ ഉച്ചക്ക് രണ്ട് മണിക്ക് ഐസോള്‍- മോഹന്‍ബഗാന്‍ മത്സരത്തോടെയാണ് ലീഗ് തുടങ്ങുന്നത്. രാത്രി ഏഴിന് കോഴിക്കോട്ട് ഗോകുലം കേരള- നെരോക്ക എഫ്‌സിയെ നേരിടും.

കഴിഞ്ഞ തവണ 17 പോയിന്‍റോടെ ഗോകുലം കേരള ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഡ്യൂറന്‍റ് കപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ ടീം. നെരക്കയ്‌ക്കെതിരെ ആക്രമണ ഫുട്ബോളിലൂന്നിയാവും ഗോകുലം കേരളയുടെ കളിതന്ത്രം.

കഴിഞ്ഞ സീസണില്‍ എവേ മത്സരത്തില്‍ ഗോകുലവും-നെരോക്കയും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. ഹോം മാച്ചില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോകുലത്തിനായിരുന്നു ജയം. ഗോകുലം ശക്തരാണെങ്കിലും തങ്ങള്‍ വിജയപ്രതീക്ഷയിലാണെന്ന് നെരോക്ക ടീം പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ സീസണില്‍ 26 പോയിന്‍റോടെ ആറാം സ്ഥാനത്തായിരുന്നു നെരോക്ക. പുതുമുഖ താരങ്ങളെ ക്കൂടി ഉള്‍പ്പെടുത്തി മികച്ച ടീമുമായാണ് ഇത്തവണ കോഴിക്കോട് എത്തിയിരിക്കുന്നത്. അതിനാല്‍ കരുത്തുറ്റ കളികാണാനാവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും സ്‌ത്രീകള്‍ക്ക് സൗജന്യമാണ്.