കോഴിക്കോട്: ഗോള്‍ മഴക്കൊടുവില്‍ ചുവപ്പുകാര്‍ഡുകളുടെ പെരുമഴയു കണ്ട ഐ ലീഗിലെ നാടകീയ പോരാട്ടത്തില്‍ ചെന്നൈ സിറ്റി എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിക്ക് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളിനാണ് ചെന്നൈ ഗോകുലത്തെ വീഴ്ത്തിയത്. ചെന്നൈക്കായി ഫിറ്റോ(44), പ്രവിറ്റോ രാജു(54), ശ്രീരാം(77) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ അവസാന മിനിറ്റുകളില്‍ രണ്ടും കല്‍പ്പിച്ച് പൊരുതിയ ഗോകുലത്തിനായി ഷിബില്‍ മുഹമ്മദ് ഇരട്ട ഗോളോടെ തിളങ്ങിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 81, 90 മിനിറ്റുകളിലായിരുന്നു ഗോകുലത്തിന്റെ ഗോളുകള്‍.

അവസാന പത്തു മിനിറ്റില്‍ പരിക്കിനെത്തുടര്‍ന്ന് ഗോള്‍ കീപ്പര്‍ വിഘ്നേശ്വരന്‍ ഭാസ്കരന്‍ പുറത്തുപോയപ്പോള്‍ സബ്സ്റ്റിറ്റ്യൂഷന്‍ പൂര്‍ത്തിയായതിനാല്‍ പ്രതിരോധനിരക്കാരന്‍ ഫാറൂന് ഗോകുലത്തിന്റെ ഗോള്‍വല കാക്കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ മൊഹമ്മദ് ഇര്‍ഷാദും സോഹിബ് ഇസ്ലാം ആമ്റിയും ചുവപ്പു കാര്‍ഡ് കണ്ടതോടെ എട്ടു പേരുമായാണ് ഗോകുലം കളി അവസാനിപ്പിച്ചത്.  

ഇഞ്ചുറി ടൈമില്‍ ചെന്നൈയുടെ മഷൂര്‍ ഷെരീഫും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.പ്രതിരോധനിരയിലെ കരുത്തരായ ആമ്‌റിയ്ക്കും റഷീദിനും ഈസ്റ്റ് ബംഗാളിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല എന്നത് ഗോകുലത്തിന് കനത്ത തിരിച്ചടിയായി. അഞ്ച് കളികളില്‍ ഏഴ് പോയന്റുള്ള ഗോകുലും ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ചെന്നൈ അഞ്ചാം സ്ഥാനത്താണ്.