മാഞ്ചസ്റ്റര്‍: സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ബാഴ്സ ആരാധകനെന്ന നിലയില്‍ തന്‍റെ ആഗ്രഹമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. മെസി ബാഴ്സക്കുവേണ്ടിയുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം- പരിശീലക സ്ഥാനത്ത് സിറ്റിയുമായുള്ള കരാര്‍ ഗ്വാര്‍ഡിയോള രണ്ടുവര്‍ഷത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് മെസിയുടെ കാര്യത്തില്‍ ഗ്വാര്‍ഡിയോള മനസുതുറന്നത്. 

ബാഴ്സലോണയുമായുള്ള കരാര്‍ ഈ സീസണൊടുവില്‍ അവസാനിക്കുമ്പോള്‍ മെസി ബാഴ്സ വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാഴ്സ മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും മെസി കൂടുമാറുകയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

ഞാന്‍ ഇഷ്ടപ്പെടുന്നതും എന്‍റെ ആഗ്രഹവും മെസി ബാഴ്സയില്‍ തുടരണമെന്നാണ്. ഒരു ആയിരംവട്ടം ഇക്കാര്യം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ബാഴ്സയുടെ ആരാധകന്‍ കൂടിയാണ് ഞാന്‍. അതുകൊണ്ടാണ് മെസിയെ ബാഴ്സ കുപ്പായത്തില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ മെസിയുടെ മനസില്‍ എന്താണെന്ന് എനിക്കറിയില്ല. ഇപ്പോള്‍ അദ്ദേഹം ബാഴ്സ കളിക്കാരനാണ്. ജൂണിലാണ് ട്രാന്‍സ്ഫര്‍ വിപണി തുറക്കുന്നത്. അതുകൊണ്ടുതന്നെ മെസിയുടെ കൂടുമാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ ഇനിയും സമയമുണ്ട്-ഗ്വാര്‍ഡിയോള വ്യക്തമാക്കി.

കഴിഞ്ഞ സീസണൊടുവില്‍ ബാഴ്സ മാനേജ്മെന്‍റുമായി തെറ്റിയ മെസി ക്ലബ്ബ് വിടാനൊരുങ്ങിയെങ്കിലും വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി നല്‍കണമെന്ന നിലപാടില്‍ ബാഴ്സ ഉറച്ചു നിന്നതോടെയാണ് ഈ സീസണ്‍ കൂടി ബാഴ്സയില്‍ തുടരാന്‍ മെസി തീരുമാനിച്ചത്.