Asianet News MalayalamAsianet News Malayalam

പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ വിരമിക്കല്‍; മനസില്‍ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗോള്‍കീപ്പര്‍ ഗോള്‍ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാള്‍ ഞാനായിരിക്കും എന്ന് റൊണാള്‍ഡോ 

If Portugal win the FIFA World Cup 2022 I will retire says Cristiano Ronaldo
Author
First Published Nov 18, 2022, 8:14 PM IST

ലണ്ടന്‍: ഫിഫ ലോകകപ്പിന് മുമ്പ് പിയേഴ്സ് മോര്‍ഗനുമായുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിമുഖം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ റോണോയുടെ വാക്കുകള്‍ ക്ലബിനെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ വിരമിക്കലിനെ കുറിച്ച് അത്ഭുതാവഹമായ ഒരു കാര്യവും സിആര്‍7 തന്‍റെ അഭിമുഖത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 

ലോകകപ്പില്‍ പോര്‍ച്ചുഗല്‍-അര്‍ജന്‍റീന ഫൈനല്‍ നടക്കുന്നു എന്ന് കരുതുക. റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട് ഗോള്‍ വീതം നേടുന്നു. 94-ാം മിനുറ്റില്‍ ഹാട്രിക് തികച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുക്കുന്നു. ഇതിനോട് എന്ത് പറയുന്നു എന്നായിരുന്നു പിയേഴ്സ് മോര്‍ഗന്‍റെ ചോദ്യം. റോണോയുടെ പ്രതികരണം ഇങ്ങനെ... 'പരമാവധി എനിക്ക് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കണം. വിരമിക്കാന്‍ ഉചിതമായ പ്രായമാണ് 40. എന്നാല്‍ ഭാവി എന്താകുമെന്ന് പറയാനാവില്ല. ഗോള്‍കീപ്പര്‍ ഗോള്‍ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാള്‍ ഞാനായിരിക്കും. പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ അതിന് ശേഷം വിരമിക്കും' എന്നും സിആര്‍7 അഭിമുഖത്തില്‍ പറഞ്ഞു. 

മെസിയെ കുറിച്ച്

ലിയോണല്‍ മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, 16 വര്‍ഷങ്ങള്‍, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോള്‍ നമ്മുടെ വീട്ടില്‍ വരികയും ഇടക്കിടെ ഫോണില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ. ഞങ്ങള്‍ അങ്ങനെയല്ല. അദ്ദേഹം എന്‍റെയൊരു സഹതാരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും അര്‍ജന്‍റീനക്കാരിയായ എന്‍റെ ഭാര്യയും ആദരവോടെയേ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാന്‍ മെസിയെക്കുറിച്ച് പറയുക... ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍-റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

മെസിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് റൊണാള്‍ഡോ, അടുത്ത സുഹൃത്തല്ല, പക്ഷെ..

Follow Us:
Download App:
  • android
  • ios