ഇന്ത്യൻ ടീമിലും സഹലിന്‍റെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ വാക്കുകളിൽ വ്യക്തമാകുന്നത്
ദില്ലി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) മലയാളി ഫുട്‌ബോളര്‍ സഹൽ അബ്ദുല്‍ സമദ് (Sahal Abdul Samad) ഇന്ത്യൻ ടീമിലെ (Indian Men's Football Team) ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക് (Igor Stimac). ഐഎസ്എല്ലിൽ സഹൽ മികവിലേക്ക് ഉയർന്നെന്നും പരിശീലകൻ പറഞ്ഞു.
ഐഎസ്എല്ലിൽ തകർപ്പൻ ഫോമിലാണ് സഹൽ അബ്ദുല്‍ സമദ്. ഇന്ത്യൻ ടീമിലും സഹലിന്‍റെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ വാക്കുകളിൽ വ്യക്തമാകുന്നത്. ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായാണ് സഹലിനെ കാണുന്നതെന്ന് ഇഗോർ സ്റ്റിമാക് പറഞ്ഞു. യുവതാരത്തെ ഐഎസ്എല്ലിൽ മികച്ച രീതിയിൽ ഉപയോഗിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ചിനെ സ്റ്റിമാക് അഭിനന്ദിച്ചു.
ഐഎസ്എൽ മത്സരങ്ങൾ പൂർത്തിയായ ശേഷമാകും സഹൽ ഇന്ത്യൻ ടീമിനൊപ്പം ചേരുക. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി സൗഹൃദമത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ബഹ്റൈൻ, ബലറൂസ് ടീമുകളെയാണ് ഇന്ത്യ നേരിടുക.
സഹലിസം കാത്ത് ആരാധകര്‍
ഐഎസ്എല്ലിലെ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും ഇന്ന് മുഖാമുഖം വരും. ഗോവയില്‍ രാത്രി 7.30നാണ് മത്സരത്തിന് കിക്കോഫാവുക. ആദ്യപാദ സെമിയില്‍ 0-1ന് വിജയിച്ചതിന്‍റെ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനുണ്ട്. 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍. ആറ് വര്‍ഷത്തിന് ശേഷം ഫൈനല്‍ കളിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം.
അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്. ലെസ്കോവിച്ചും ഖാബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. മഞ്ഞപ്പടയുടെ മാസ്റ്റർ ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ ജംഷഡ്പൂരിന് കാര്യങ്ങൾ എളുപ്പമാകില്ല എന്നാണ് വിലയിരുത്തല്‍.
