ഐഎസ്എല്ലിന്‍റെ അരങ്ങേറ്റ സീസണിൽ തന്നെ സെമിഫൈനൽ കളിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിലെ (ISL) സെമിഫൈനൽ ചരിത്രം കേരള ബ്ലാസ്റ്റേഴ്‌സിന് (KBFC) അനുകൂലമാണ്. ഇതിന് മുൻപ് സെമിയിലെത്തിയ രണ്ടു സീസണിലും ഫൈനലിലേക്ക് മുന്നേറിയിരുന്നു മഞ്ഞപ്പട ആരാധകരുടെ ടീം. ഈ സീസണിലെ രണ്ടാംപാദ സെമിയില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters vs Jamshedpur FC) ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ കണക്ക്.
ഒന്നാം ചരിത്രം
ഐഎസ്എല്ലിന്‍റെ അരങ്ങേറ്റ സീസണിൽ തന്നെ സെമിഫൈനൽ കളിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ്‌സിയായിരുന്നു എതിരാളികൾ. കൊച്ചിയിലെ ആദ്യ പാദത്തിൽ ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നു. ഇപ്പോഴത്തെ അസിസ്റ്റന്‍റ് കോച്ച് ഇഷ്‌ഫാഖ് അഹമ്മദ്, ഇയാൻ ഹ്യൂം, സുശാന്ത് മാത്യു എന്നിവരായിരുന്നു സ്കോറർമാർ. ചെന്നൈയിലെ രണ്ടാംപാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോൾ വഴങ്ങിയപ്പോൾ പോരാട്ടം എക്‌സ്‌ട്രാടൈമിലേക്ക് നീണ്ടു. സ്റ്റീഫൻ പിയേഴ്‌സന്‍റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.
രണ്ടാം ചരിത്രം
2016ൽ ഡൽഹി ഡൈനമോസായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. കൊച്ചിയിലെ ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഡൽഹിയിലേക്ക് എത്തിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽവി നേരിട്ടു. എക്‌സ്‌ട്രാടൈമും ഒപ്പത്തിനൊപ്പമായപ്പോൾ ഷൂട്ടൗട്ട് വിധി നിശ്ചയിച്ചു. ഡൽഹിയുടെ മൂന്ന് താരങ്ങൾക്ക് ഉന്നംപിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പന്തടിച്ചു.
മൂന്നാം ചരിത്രം?
2014ലും 2016ലും സെമിയില്‍ ആദ്യ മത്സരം ജയിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നേറ്റം. മൂന്നാം ഊഴത്തിലും ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിക്കഴിഞ്ഞു. ഇനി ഫൈനലിലേക്കുള്ള വഴിയിൽ ബ്ലാസ്റ്റേഴ്‌സിന് 90 മിനിറ്റിന്‍റെ അകലം മാത്രമേയുള്ളൂ. ചരിത്രമാവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
അങ്കം രാത്രി
ഐഎസ്എല്‍ സീസണില്‍ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും ഇന്ന് മുഖാമുഖം വരും. ഗോവയില്‍ രാത്രി 7.30നാണ് മത്സരത്തിന് കിക്കോഫാവുക. ആദ്യപാദ സെമിയില്‍ 0-1ന് വിജയിച്ചതിന്‍റെ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനുണ്ട്. 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍. ആറ് വര്‍ഷത്തിന് ശേഷം ഫൈനല്‍ കളിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം.
ISL 2021-22 : സമനിലയല്ല ലക്ഷ്യം... ജംഷഡ്‌പൂരിന് മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
