Asianet News MalayalamAsianet News Malayalam

ഇതിഹാസ ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് വിരമിച്ചു

2010ല്‍ സ്പെയിനിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച കസീയസ് 2008ലും 2012ലും സ്പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.

Iker Casillas announces retirement
Author
Madrid, First Published Aug 4, 2020, 8:16 PM IST

മാഡ്രിഡ്: സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പറും ലോകകപ്പ് നേടിയ നായകനുമായ ഐകര്‍ കസീയസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 22 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് 39കാരനായ കസീയസ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കസീയസ് കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയിലാണ് ഗോള്‍വല കാക്കുന്നത്. റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. പോര്‍ട്ടോക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളിലും കസീയസ് പങ്കാളിയായി.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇപ്പോഴും കസീയസിന്റെ പേരിലാണ്. 2010ല്‍ സ്പെയിനിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച കസീയസ് 2008ലും 2012ലും സ്പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.

റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. റയലിനായി അഞ്ച് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെല്‍ റേ കിരീടങ്ങളും നേടിയിട്ടുള്ള കസീയസ് 2008ലും 2012ലും യൂറോ കപ്പ് നേടിയ സ്‌പാനിഷ് ടീമിലും സാന്നിധ്യമായിരുന്നു. 2010ല്‍ സ്പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ്പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(167) കളിച്ച താരവുമാണ്.

കഴിഞ്ഞവര്‍ഷം പരിശീലനത്തിനിടെ ഹൃദയാഘാതം ഉണ്ടായ കസീയസ് കഴിഞ്ഞ വര്‍ഷം ഏപ്രിലിനുശേഷം മത്സര ഫുട്ബോളില്‍ കളിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios